പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നു; നഗരസഭാ സെക്രട്ടറിക്കെതിരെ പരാതി

മാനസികമായി തളര്‍ത്തി പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുകയാണെന്ന് ആരോപിച്ച് നഗരസഭ സെക്രട്ടറിക്കെതിരെ സ്ഥിരം സമിതി അധ്യക്ഷ വനിത കമ്മിഷനെ സമീപിച്ചു. പാലക്കാട് ഒറ്റപ്പാലം നഗരസഭയിലെ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എ.രൂപ ഉണ്ണിയുടെ പരാതി കമ്മിഷന്‍ നാളെ പരിഗണിക്കും. സിപിഎം നിയന്ത്രണത്തിലുള്ള ഭരണസമിതിയിലെ യുഡിഎഫ് സ്വതന്ത്ര മുന്നണി സഖ്യം അംഗമാണ് രൂപ ഉണ്ണി. 

സ്ഥിരം സമിതി അധ്യക്ഷ വിളിച്ചു ചേര്‍ത്ത യോഗം സെക്രട്ടറി വിലക്കിയെന്നും വാക്സീന്‍ കേന്ദ്രത്തിലെ സന്നദ്ധ പ്രവര്‍ത്തകനെതിരെ നല്‍കിയ പരാതി അട്ടിമറിച്ചെന്നും രൂപ ഉണ്ണി വനിത കമ്മിഷന് നല്‍കിയ പരാതിയിലുണ്ട്. ജൂണില്‍ ചേരാന്‍ തീരുമാനിച്ചിരുന്ന ഹരിതകര്‍മസേനയുടെ യോഗം മണിക്കൂറുകള്‍ക്ക് മുന്‍പ് സെക്രട്ടറി ഏകപക്ഷീയമായി മാറ്റിവച്ചു. ഇതു നിയമവിരുദ്ധമെന്നാണ് ആരോപണം. ഇതെക്കുറിച്ച് വിശദീകരണം ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു. കഴിഞ്ഞ മേയിലായിരുന്നു വാക്സീന്‍ കേന്ദ്രത്തെ ചൊല്ലിയുള്ള വിവാദം.

സ്ഥിരം സമിതി അധ്യക്ഷയോട് മോശമായി സംസാരിച്ചെന്ന് ആക്ഷേപം ഉയര്‍ന്ന ആര്‍ആര്‍ടി അംഗത്തിനെതിരെ നല്‍കിയ പരാതി പൊലീസിനു കൈമാറാതെ ആരോപണ വിധേയനെ സംരക്ഷിക്കുന്ന നിലപാടാണ് നഗരസഭാ സെക്രട്ടറി സ്വീകരിച്ചതെന്നും പരാതിയിലുണ്ട്. വനിതയെന്ന പരിഗണന നല്‍കാതെ സ്ഥിരം സമിതി അധ്യക്ഷ എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സെക്രട്ടറി തടസം നില്‍ക്കുകയാണെന്നാണ് ആരോപണം