അപകടക്കെണിയൊരുക്കി ഓവുചാൽ; നിർമാണത്തിൽ അപാകത; ആശങ്ക

കാസർകോട് പരപ്പ പള്ളത്തുമലയിൽ ജില്ലാപഞ്ചായത്ത് അനുവദിച്ച ഓവുചാൽ നിർമാണത്തിൽ അപാകതയെന്ന് നാട്ടുകാര്‍. ഓവുചാലിനെന്ന പേരില്‍ റോഡ് വെട്ടിപ്പൊളിച്ചിട്ടശേഷം പാതിവഴിയില്‍ നിര്‍മാണം ഉപേക്ഷിച്ചതാണ് ആക്ഷേപത്തിന് കാരണം. റോഡിന്‍റെ അവസ്ഥയില്‍ ഏറെ ബുദ്ധിമുട്ടിലായിരിക്കുന്നത് കാല്‍നടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരുമാണ്. 

ബളാല്‍ പള്ളത്തുമലയില്‍ ജില്ലാ പഞ്ചായത്ത് അനുവദിച്ച ഓവുചാല്‍ നിര്‍മാണത്തിനെതിരെയാണ് നാട്ടുകാര്‍ രംഗത്തെത്തിയിരിക്കുന്നത്. പള്ളത്തുമലയിലെ ഈ കൊടുംവളവില്‍ തന്നെ റോഡ് അപകടരമായ അവസ്ഥയിലാണ്. ഓവുചാലിന്‍റെ നിര്‍മാണം നിലച്ചതോടെ കോണ്‍ക്രീറ്റ് കമ്പികള്‍ റോഡിലേക്ക് തള്ളി നില്‍ക്കുന്നു. ഇതും അപകടത്തിന് വഴിവയൊരുക്കുമോ എന്ന ആശങ്ക നാട്ടുകാര്‍ക്കുണ്ട്. ഈ അവസ്ഥയില്‍ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നത് കാൽനടയാത്രക്കാരും വാഹനയാത്രക്കാരുമാണ്.  ഓവുചാൽ നിര്‍മാണം പൂർണമാകാത്തതിനാൽ കുത്തനെയുള്ള കയറ്റവും കൊടുംവളവും ഉള്ള റോഡിന്‍റെ പകുതിഭാഗം മാത്രമേ ഗതാഗത യോഗ്യമായിട്ടുള്ളു. 

പട്ടികവർഗ കോളനികൾ ഉൾപ്പെടെയുള്ള ഇവിടെ പുറത്തേക്കുള്ള ഏക മാര്‍ഗം കൂടിയാണ് പള്ളത്തുമല–പരപ്പ റോഡ്. കൃത്യമായ സ്ഥലത്തുനിന്നല്ല ഓവുചാൽ നിർമാണം ആരംഭിച്ചത് എന്ന ആക്ഷേപവും നാട്ടുകാരില്‍ ചിലര്‍ക്കുണ്ട്. അതിനാൽ മഴവെള്ളം മുഴുവൻ റോഡിൽ കൂടിയാണ് ഒലിച്ചിറങ്ങുന്നത്. ഓവുചാൽ നിർമാണം എത്രയും വേഗം പുനരാരംഭിച്ച് വാഹന ഗതാഗതം സുഗമമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.