പൊലീസുകാര്‍ക്ക് പ്രതിരോധ മരുന്നുകള്‍ എത്തിച്ച് പരിയാരം സര്‍ക്കാര്‍ ആയുര്‍വേദ കോളജ്

കോവിഡിനെതിരായ പോരാട്ടത്തില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന പൊലീസുകാര്‍ക്ക് പ്രതിരോധ മരുന്നുകള്‍ എത്തിക്കുകയാണ് കണ്ണൂരിലെ പരിയാരം സര്‍ക്കാര്‍ ആയുര്‍വേദ കോളജ്. കോവിഡ് മുക്തരായവര്‍ക്കുള്ള പ്രത്യേക മരുന്നുകളും നല്‍കുന്നുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊലീസുകാരുടെ പങ്ക് വലുതാണ്. പൊലീസുകാരുടെ ആരോഗ്യപ്രശ്നങ്ങള്‍ മനസിലാക്കിയാണ് പരിയാരം സര്‍ക്കാര്‍ ആയുര്‍വേദ കോളജിന്‍റെ മരുന്നു കിറ്റ് വിതരണം. വിഡിയോ റിപ്പോർട്ട് കാണാം. 

ക്ഷീണം, ശ്വാസതടസം, ശരീരവേദന, ദഹന പ്രശ്നങ്ങള്‍, ഉറക്കമില്ലായ്മ തുടങ്ങിയവയാണ് പൊലീസുകാരെ അലട്ടുന്നത്. ഇതിനെല്ലാം ഫലപ്രദമാകുന്ന ആയുര്‍വേദ ഔഷദങ്ങളാണ് നല്‍കുന്നത്. ആയുര്‍വേദ കോളജ് സൂപ്രണ്ട് ഡോക്ടര്‍ എസ്. ഗോപകുമാര്‍, പരിയാരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം. ജെ. ജിജോയ്ക്ക് മരുന്ന് കിറ്റ് കൈമാറിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. ആവശ്യക്കാരായ പൊലീസുകാരെ ആരോഗ്യരക്ഷ ക്ലിനിക്കില്‍ റജിസ്റ്റര്‍ ചെയ്യിക്കുകയായിരുന്നു. ആയുര്‍ പോര്‍ട്ടല്‍ പദ്ധതിയുടെ ഭാഗമായാണ് മരുന്നുവിതരണം.