'ഓപ്പറേഷന്‍ ഊത്ത' ; നാടന്‍ മത്സ്യങ്ങളെ വലയിലാക്കാന്‍ ഇറങ്ങുന്നവര്‍ സൂക്ഷിക്കുക

വയലിലും തോട്ടിലും കായലോരത്തുമെല്ലാം നാടന്‍ മല്‍സ്യങ്ങളെ ഊത്തപിടുത്തമെന്ന പേരില്‍ വലയിലാക്കാന്‍ ഇറങ്ങുന്നവര്‍ സൂക്ഷിക്കുക. പിടിയിലായാല്‍ പതിനയ്യായിരം രൂപ പിഴയും ആറു മാസം വരെ ജയില്‍ശിക്ഷയും ലഭിക്കുന്ന കുറ്റം ചുമത്തി കേസെടുത്തു തുടങ്ങി. വിഡിയോ റിപ്പോർട്ട് കാണാം. 

മലപ്പുറം പൊന്നാനില്‍ നിന്നുള്ള കാഴ്ചയാണിത്. വലയും കൂടയും ഒരുക്കി ഊത്തപിടുത്തം ഹരമായി കൊണ്ടുനടക്കുന്നവര്‍ക്കു പിന്നാലെ ഉദ്യോഗസ്ഥരുണ്ട്. തെളിവു സഹിതം പിടിയിലായാല്‍ പിന്നെ രക്ഷയില്ല. പിഴയ്ക്കൊപ്പം ജയില്‍ശിക്ഷയുമുണ്ടാകും. ഊത്ത പിടിക്കാന്‍ സ്ഥാപിച്ച ഉപകരണങ്ങള്‍ അപ്പോള്‍ തന്നെ പിടിച്ചെടുക്കാനും വല വിരിച്ചവരെ കണ്ടെത്തി നടപടി എടുക്കാനും തദ്ദേശസ്വയംഭരണ–ഫിഷറീസ്–പൊലീസ് ഉദ്യഗസ്ഥര്‍ ചേര്‍ന്നുള്ള സ്ക്വാഡ് പ്രവര്‍ത്തിക്കുന്നുണ്ട്. 

പുഴ, കായല്‍ മല്‍സ്യങ്ങളുടെ പ്രജനന കാലമാണിത്. മഴയില്‍ ജലാശയങ്ങള്‍ നിറഞ്ഞ് വയലിലും തോട്ടിലുമെല്ലാം മുട്ടയിട്ട് മല്‍സ്യക്കുഞ്ഞുങ്ങള്‍ പെരുകുന്ന സമയം. പൂര്‍ണവളര്‍ച്ചയെത്താത്ത മല്‍സ്യക്കു‍ഞ്ഞുങ്ങളെ കൂട്ടത്തോടെ പിടിച്ചാല്‍ വംശനാശം സംഭവിക്കുന്നതുകൊണ്ടാണ് ഒാപ്പറേഷന്‍ ഊത്ത എന്ന പേരില്‍ ഇപ്രാവശ്യം ശക്തമായ നിയമനടപടി ആരംഭിച്ചത്.