പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നയാളെ വിവാഹം കഴിക്കില്ല; പ്രതിജ്ഞയെടുത്ത് വിദ്യാര്‍ഥിനികള്‍

പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നയാളെ വിവാഹം കഴിക്കില്ലെന്ന് പ്രതിജ്ഞയെടുത്ത് വിദ്യാര്‍ഥിനികള്‍. ലോക പുകയില വിരുദ്ധ ദിനത്തിലാണ് 220 കോളജ് വിദ്യാര്‍ഥിനികള്‍ പ്രതിജ്ഞയെടുത്ത് മാതൃകയായത്.

കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലെയും മാഹിയിലെയും കോളജ് വിദ്യാര്‍ഥിനികളാണ് പ്രതിജ്ഞയെടുത്തത്. സ്വന്തം ജീവിതത്തില്‍ നിന്നും പുകയില അകറ്റുക മാത്രമല്ല ഇവര്‍ ചെയ്യുന്നത്. പുകയില ഉപയോഗിക്കുന്നവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുക, പുകവലിക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നവരെ നിരുത്സാഹപ്പെടുത്തുക, വീടുകളില്‍ ചെന്ന് ബോധവത്കരണം നടത്തുക തുടങ്ങിയ ലക്ഷ്യങ്ങളുണ്ട്. മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി ഓണ്‍ലൈനായാണ് കണ്ണൂരില്‍ ചടങ്ങ് സംഘടിപ്പിച്ചത്.

ദീര്‍ഘനാളത്തെ പുകവലി ശീലം ഉപേക്ഷിച്ച വ്യക്തികളെ ആദരിച്ചു. ആര്‍സിസി മുന്‍ കമ്യൂണിറ്റി ഓങ്കോളജി തലവന്‍ ഡോക്ടര്‍ ബാബു മാത്യുവാണ് പരിപാടി ഉദ്ഘാടനം ചെയ്തതു.