'ബെല്‍ ഓഫ് ഫെയ്ത്ത്'; ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമായവർക്ക് ആശ്വാസം

കോഴിക്കോട് റൂറല്‍ പൊലീസിന്റെ നേതൃത്വത്തിലുള്ള ബെല്‍ ഓഫ് ഫെയ്ത്ത് പദ്ധതിക്കായുള്ള ഉപകരണങ്ങളുടെ വിതരണം തുടങ്ങി. ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമായവരുടെ സഹായത്തിനായാണ് പദ്ധതി ആരംഭിച്ചത്. 

ഒറ്റപ്പെട്ട് താമസിക്കുന്നവര്‍ക്ക് പെട്ടെന്നൊരാവശ്യമുണ്ടായാല്‍ കയ്യിലുള്ള റിമോട്ടിലൊന്നമര്‍ത്തിയാല്‍ മതി. വീട്ടില്‍ സ്ഥാപിച്ചിരിക്കുന്ന ഉപകരണത്തില്‍ നിന്ന് വലിയ ശബ്ദമുണ്ടാകും. അപകടസാഹചര്യത്തിലും മറ്റും അയല്‍ക്കാരെ അറിയിക്കാന്‍ സാധിക്കുന്ന ഉപകരണങ്ങളുടെ വിതരണമാണ് പുരോഗമിക്കുന്നത്.തനിച്ച് താമസിക്കുന്ന പ്രായമായവര്‍ക്കെതിരെ സംസ്ഥാനത്ത്  അക്രമങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് വടകര റൂറല്‍ പൊലീസ് പദ്ധതിക്ക് തുടക്കമിട്ടത്. 

പദ്ധതിയുടെ ഗുണഭോക്താക്കളായി അഞ്ഞൂറ് പേരെ തിരഞ്ഞെടുത്തിട്ടുണ്ട്. റൂറലിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഉപകരണങ്ങള്‍ എത്തിച്ചു കഴിഞ്ഞു. വീടുകളിലേക്ക് ഉപകരണങ്ങള്‍ എത്തിക്കുന്നതോടെ പദ്ധതി പ്രവര്‍ത്തിച്ച് തുടങ്ങും.