നടപ്പാത തകർന്നു; മണ്ണട്ടംപാറ ഡാം അപകടാവസ്ഥയിൽ

മലപ്പുറം തിരൂരങ്ങാടി മുന്നിയൂർ മണ്ണട്ടംപാറ ഡാം അപകടവസ്ഥയിൽ. ഡാമിന്റെ നടപ്പാത തകർന്നു മാസങ്ങൾ കഴിഞ്ഞിട്ടും നന്നാക്കാൻ നടപടിയില്ല. മഴക്കാലം ആരംഭിക്കുന്നതോടെ ഡാം കൂടുതൽ തകര്‍ച്ചയിലേക്കു നീങ്ങുന്നത് പ്രദേശത്ത് ശുദ്ധജലക്ഷാമത്തിനൊപ്പം കാര്‍ഷിക മേഖലയിലേക്കുളള ജലസേചനത്തേയും ബാധിക്കും. 

അന്‍പതു വര്‍ഷം മുന്‍പു നിര്‍മിച്ച മണ്ണട്ടംപാറ അണക്കെട്ട് വിവിധോദ്ദേശ പദ്ധതിയായിരുന്നു. മൂന്നിയൂര്‍ വളളിക്കുന്ന് പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് കടലുണ്ടിപ്പുഴയ്ക്കു കുറുകെ നിര്‍മിച്ച ബണ്ടിന്റെ ഭാഗമായ റോഡ് കാലപ്പഴക്കംകൊണ്ടാണ് തകര്‍ന്നത്. തിരൂരങ്ങാടി താലൂക്കിലെ 12 പഞ്ചായത്തുകളിലെയും 2 

നഗരസഭകളിലേയും കുടിവെള്ളം, കാർഷിക ജലസേചനം എന്നിവ ഈ ഡാമിനെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. വേനൽക്കാലത്ത് പുഴയിലെ വെള്ളം തടഞ്ഞു നിർത്താനും, കടലിൽ നിന്ന് ഉപ്പു വെള്ളം മീതേക്ക് കയറാതിരിക്കാനും ഡാം സഹായിക്കും. 3 ഷട്ടറുകളുണ്ട്. നടപ്പാത തകർന്നു വീണതോടെ  യാത്രമാര്‍ഗം അടഞ്ഞു. 

ഡാമിന്റെ അടിഭാഗം തകർന്ന് കോണ്ക്രീറ്റ് അടർന്നു വീണ് കമ്പികൾ പുറത്തേക്ക് തളളി നില്‍ക്കുകയാണ്. തകര്‍ന്ന ഭാഗം വഴി ഉപ്പുവെള്ളം മീതേയ്ക്ക് കയറുന്നുമുണ്ട്. ഇത് കുടിവെള്ള പദ്ധതികളെയും ഹെക്ടർ കണക്കിന് കൃഷിയെയും ബാധിക്കും. ഡാം പുതുക്കി പണിയുകയോ, കേടുപാടുകൾ തീർക്കുകയോ 

ചെയ്യണമെന്നാണ് ആവശ്യം. പുനര്‍നിര്‍മാണത്തിനായി ബ്ലോക്ക് പഞ്ചായത്ത് ജില്ല പഞ്ചായത്തിന്റെ സഹകരണത്തോടെ പദ്ധതി ആസൂത്രണം ചെയ്തിരുന്നെങ്കിലും അംഗീകാരം ലഭിച്ചിട്ടില്ല.