വേനൽമഴ തകർത്തെറിഞ്ഞ പ്രതീക്ഷ; രണ്ടര ഏക്കർ മത്തൻ കൃഷി നശിച്ചു

അപ്രതീക്ഷിതമായെത്തിയ വേനൽമഴയിൽ തകർന്നത് കർഷക ദമ്പതികളുടെ പ്രതീക്ഷകൾ. മലപ്പുറം തിരൂർ മംഗലം വാളമരുതൂരിലെ മനോജ് - സീമ ദമ്പതികളുടെ മത്തൻ കൃഷിയാണ് മഴയിൽ പാടെ നശിച്ചത്

രണ്ടര ഏക്കറിൽ വിളഞ്ഞ് പാകമെത്തിയ മത്തങ്ങയാണ് ചീഞ്ഞു നശിച്ചു തുടങ്ങിയത്.  കൃഷിഭൂമിയിൽ വെള്ളം കെട്ടി നിന്നതാണ് മത്തങ്ങ കൃഷിക്ക്  വില്ലനായത്. പാട്ടത്തിനെടുത്ത ഭുമിയിൽ തുള്ളി നനയടക്കം ഒരുക്കി ശാസ്ത്രീയമായി കൃഷി നടത്തുന്നതിന് സാമ്പത്തിക ചിലവും ഏറെ.  അബുദാബിയിൽ 

നിന്നെത്തിയ പ്രവാസി മനോജിന് വരുമാനം കണ്ടെത്താൻ  കൃഷിയിലേക്ക് തിരിയാനുള്ള തീരുമാനം തന്നെ തിരിച്ചടിയായി.മനോജും സീമയും ചേർന്ന് കഴിഞ്ഞ വർഷം കൃഷിയിറക്കിയപ്പോൾ 15 ടൺ മത്തങ്ങയാണ് വിൽക്കാനായത്. മത്തനു പുറമെ മഞ്ഞളും ചേനയും നെല്ലുമെല്ലാം ദമ്പതികൾ കൃഷി ചെയ്തിരുന്നു. കൃഷി വകുപ്പിൻ്റെ താങ്ങുകൂടി ലഭിച്ചില്ലെങ്കിൽ കൃഷി ഉപജീവനമാക്കാനുള്ള തീരുമാനത്തിൽ നിന്ന് പിറകോട്ട് പേകേണ്ടി 

വരുമോയെന്ന  ആശങ്കയിലാണ് ഇരുവരും.