ദുരിതമായി തായത്തുവയൽ തോട്; മാലിന്യം നിറഞ്ഞ് ഒഴുക്ക് നിലച്ചു

മാലിന്യം നിറഞ്ഞ് നാട്ടുകാര്‍ക്ക് ദുരിതമായി പയ്യന്നൂർ തായത്തുവയൽതോട്. പയ്യന്നൂർ നഗരസഭ കാര്യാലയത്തിനരികിൽ കൂടി ഒഴുകുന്ന ഈ തോടിന്റെ പല ഭാഗങ്ങളിലും മാലിന്യം കുന്നുകൂടി ഒഴുക്ക് നിലച്ച അവസ്ഥയിലാണ്. 

പയ്യന്നൂർ നഗരത്തിലെ പ്രധാന തോടുകളിൽ ഒന്നാണ് തായത്തുവയൽതോട്. കക്കൂസ് മാലിന്യവും, നഗരത്തിലെ കച്ചവട സ്ഥാപനങ്ങളില്‍ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യവും ഉള്‍പ്പെടെ നിറഞ്ഞ് ഒഴുക്കു നിലച്ചിരിക്കുകയാണ് ഈ തോട് . കഴിഞ്ഞ വർഷം ഹരിത കേരളാ മിഷന്റെ ഇനി ഞാൻ ഒഴുകട്ടെ എന്ന പദ്ധിതിയിലൂടെ തോട് ശുചീകരിച്ചെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ പഴയ നിലയിലെത്തി. വിവിധ ഭാഗങ്ങളില്‍ രാത്രിയുടെ മറവില്‍ ദൂരസ്ഥലങ്ങളില്‍ നിന്നുപോലും മാലിന്യം തള്ളാറുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

മലിനജലം കെട്ടി കിടക്കുന്നത് കാരണം കൊതുകുശല്യം കൊണ്ടു പൊറുതിമുട്ടിയിരിക്കുകയാണ് പരിസരവാസികള്‍. ഒപ്പം പകർച്ചവ്യാധി ഭീഷണിയും. തോട് നവീകരണത്തിന് മിക്ക ബജറ്റുകളിലും തുക വകയിരുത്താറുണ്ടെങ്കിലും മാലിന്യ പ്രശ്നത്തിന് ഇതുവരെ ശാശ്വത പരിഹാരം കണ്ടെത്താൻ കഴിയാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നു.