കളിസ്ഥലം മിച്ചഭൂമി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നീക്കം; ആശങ്ക

കോഴിക്കോട് ചാത്തമംഗലം പുള്ളാവൂരില്‍ ഇരുപതിലധികം കുടുംബങ്ങളുടെ കുടിയിറക്ക് ഭീഷണിക്കിെട കുട്ടികളുടെ കളിസ്ഥലവും  നഷ്ടപ്പെടുമെന്ന് ആശങ്ക. പൊതുചടങ്ങുകള്‍ക്ക് വരെ പ്രയോജനപ്പെടുത്തുന്ന മൈതാനം എഴുപതിലധികം കുടുംബങ്ങള്‍ക്ക് അളന്ന് നല്‍കാനുള്ള ശ്രമമെന്നാണ് ആക്ഷേപം. നാട്ടുകാരുടെ പ്രതിഷേധത്തിനൊട‌ുവില്‍ ഉദ്യോഗസ്ഥര്‍ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തി. 

കുട്ടികള്‍ക്ക് ആകെയുള്ള കളിസ്ഥലം. നൂറിലധികം കുടുംബങ്ങളുടെ ഏത് ചടങ്ങിനും പന്തലൊരുക്കാന്‍ തെരഞ്ഞെടുക്കുന്ന ഇടം. ഇതെല്ലാം അവഗണിച്ചാണ് കളിസ്ഥലം മിച്ചഭൂമിയുടെ പട്ടികയില്‍പ്പെടുത്തി നാല് സെന്റ് വീതം പലര്‍ക്കായി പതിച്ച് നല്‍കാനുള്ള നീക്കം. ദൂരെ നിന്ന് കളിയിടം തേടി വരുന്ന കുട്ടികള്‍ക്കുള്‍പ്പെ‌ടെ നിരാശയുണ്ടാക്കുന്ന തീരുമാനം. 

പുള്ളാവൂരിലെ കുടുംബാംഗങ്ങള്‍ക്ക് ഇത് വെറുമൊരു മൈതാനമല്ല. ഉറ്റവരുടെ മരണാനന്തര ചടങ്ങ് വരെ പൂര്‍ത്തീകരിച്ച ഇടമാണ്. മൈതാനം മുറിച്ച് പങ്കിട്ടാല്‍ അപകടഘട്ടങ്ങളില്‍ ഓടിമാറാനുള്ള വഴിയടയുമെന്നും വിലയിരുത്തലുണ്ട്. 

കൃത്യമായി കരമൊടുക്കിയിരുന്ന ഭൂമിയില്‍ ഇരുപതിലധികം കുടുംബങ്ങള്‍ കുടിയിറക്ക് ഭീഷണിയിലാണ്. വര്‍ഷങ്ങളായി പലരും പട്ടയത്തിനായി കാത്തിരിക്കുകയാണ്. ഈ പ്രതിസന്ധിക്കിടയിലാണ് സകല അനുമതിയോടും താമസിക്കുന്ന കുടുംബങ്ങള്‍ക്ക് ഉപകാരപ്രദമായ മൈതാനം കൂടി നഷ്ടമാകുന്നത്.