പാട്ടെഴുത്തിന്റെ ഓർമപ്പുസ്തകവുമായി പൂച്ചാക്കൽ ഷാഹുൽ; പ്രകാശനം ചെയ്ത് ശ്രീധരന്‍ പിള്ള

മലയാള നാടക ഗാനങ്ങളുടെ ഒാര്‍മകളുമായി കോഴിക്കോട് ഒരൊത്തുചേരല്‍. പൂച്ചാക്കല്‍ ഷാഹുലിന്റെ പുതിയ പുസ്തകമായ ‘മഞ്ചലേറ്റിയ ഗീത’ത്തിന്റെ പ്രകാശന ചടങ്ങായിരുന്നു വേദി. മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ളയാണ് പുസ്തകപ്രകാശനം നിര്‍വഹിച്ചത്. ആയിരത്തിലേറെ ഗാനങ്ങളാണ് പൂച്ചാക്കല്‍ ഷാഹുല്‍ നാടകങ്ങള്‍ക്കായി എഴുതിയത്. നാലു സിനിമകള്‍ക്കും പാട്ടെഴുതി. പാട്ടെഴുത്തിന്റെ ഓര്‍മകള്‍ നിറഞ്ഞ പുസ്തകമാണ് മഞ്ചലേറ്റിയ ഗീതങ്ങള്‍. മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള സുന്ദരന്‍ കല്ലായിക്ക് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്. ഇത്രയേറെ ഗാനങ്ങള്‍ എഴുതിയിട്ടും പൂച്ചാക്കല്‍ ഷാഹുലിന് വേണ്ടത്ര അംഗീകാരം ലഭിക്കാത്തതിന്റെ വേദനയാണ് ശ്രീധരന്‍പിള്ള പങ്കുവച്ചത്. 

പാട്ടെഴുത്തിന്റെ വഴികളെകുറിച്ചും കടന്നു വന്ന വഴികളെകുറിച്ചും പൂച്ചാക്കല്‍ ഷാഹുല്‍. അഴിമുഖം എന്ന സിനിമക്കായി എഴുതിയ പാട്ടും അദ്ദേഹം ‌ഓര്‍ത്തെടുത്തു. അഴിമുഖത്തിനായി സംഗീതം നല്‍കിയ എം.എസ് ബാബുരാജിന്റെ മകന്‍ ആ വരികള്‍ പാടി. ചടങ്ങില്‍ കോഴിക്കോടിന്റെ ആദരവും പൂച്ചാക്കല്‍ ഷാഹുലിന് നല്‍കി.