ഫാഷൻ ഗോൾഡ് തട്ടിപ്പ്; പൂക്കോയ തങ്ങളുടെ വീടിന് മുന്നിൽ പ്രതിഷേധിച്ച് നിക്ഷേപകർ

ഫാഷൻ ഗോൾഡില്‍ പണവും സ്വര്‍ണവും നിക്ഷേപിച്ച് വഞ്ചിതരായവര്‍ വീണ്ടും പരസ്യപ്രതിഷേധത്തില്‍. രാഷ്ട്രീയ നേതൃത്വം ജ്വല്ലറി എം.ഡി. പൂക്കോയ തങ്ങളെ സംരക്ഷിക്കുന്നു എന്നാണ് നിക്ഷേപകരുടെ ആരോപണം. പൂക്കോയ തങ്ങളുടെ ചന്തേരയിലെ വീടിന് മുന്നില്‍ നിക്ഷേപകര്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. 

തൃക്കരിപ്പൂർ, പടന്ന, പിലിക്കോട് പഞ്ചായത്തുകളിൽ നിന്നുള്ള നിക്ഷേപകരാണ് പ്രതിഷേധവുമായി പൂക്കോയ തങ്ങളുടെ വീടിന് മുന്നിൽ എത്തിയത്. പൂക്കോയ തങ്ങളുടെ ബന്ധുക്കളുമായി സംസാരിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞത് ഏറെ നേരം വാക്കുതര്‍ക്കത്തിന് ഇടയാക്കി. 

ഉന്നതസഹായമുള്ള പൂക്കോയ തങ്ങള്‍ ജില്ലയില്‍ ഇടയ്ക്കിടെ എത്താറുണ്ടെന്നും വീട്ടില്‍പോലും വന്നുപോകുന്നതായും നിക്ഷേപകര്‍ പറയുന്നു. പൂക്കോയ തങ്ങളെ പൊലീസും ചില രാഷ്ട്രീയ നേതാക്കളും സംരക്ഷിക്കുന്നുവെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. ‌കമറുദീന്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്യാന്‍ കാണിച്ച ആവേശം അന്വേഷണ സംഘത്തിന് ഇപ്പോഴില്ലെന്നാണ് നിക്ഷേപകരുടെ ആക്ഷേപം.  കഴിഞ്ഞ നവംബര്‍ ഏഴുമുതല്‍ ഒളിവില്‍ തുടരുകയാണ് ഫാഷന്‍ ഗോള്‍ഡ് എം.ഡി.