ഭാരതപ്പുഴയില്‍ ജലനിരപ്പ് താഴ്ന്നു; കുടിവെള്ള പദ്ധതികൾ പ്രതിസന്ധിയിൽ

ഭാരതപ്പുഴയില്‍ ജലനിരപ്പ് താഴ്ന്നതോടെ പാലക്കാടിന്റെ പടിഞ്ഞാറന്‍മേഖലയിലെ കുടിവെള്ള പദ്ധതികള്‍ പ്രതിസന്ധിയിലേക്ക്. കനാലുകള്‍ വഴി കൃഷിയിടങ്ങളിലേക്ക് വെളളമെത്തിക്കുന്നതിലും നിയന്ത്രണത്തിന് സാധ്യതയുണ്ട്. വരാനിരിക്കുന്ന വരള്‍ച്ചയുടെ തീവ്രത ഭാരതപ്പുഴയില്‍ തെളിഞ്ഞുതുടങ്ങി.

നീരൊഴുക്ക് നിലച്ച് നിളയില്‍ അങ്ങിങ്ങായി മാത്രമാണ് ജലം ശേഷിക്കുന്നത്. താത്കാലിക തടയണകളിലൂടെ ജലം സംഭരിക്കാനുള്ള തന്ത്രപ്പാടിലാണ് പുഴയോരത്ത് താമസിക്കുന്നവരും തദ്ദേശ സ്ഥാപനങ്ങളും. ഒരാഴ്ച്ച മുമ്പ് തൂതപ്പുഴയിൽ താൽക്കാലിക തടയണ പരുതൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമിച്ചുവെങ്കിലും വെള്ളമില്ലാത്ത സ്ഥിതിയാണിേപ്പാൾ. പട്ടിത്തറ ഭാഗത്തും തടയണ ആവശ്യമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

പുഴയില്‍ വെളളം കുറഞ്ഞപ്പോള്‍ കിണറുകളെയെല്ലാം ബാധിച്ചു. മിക്കയിടത്തും കുടിവെള്ളക്ഷാമമുണ്ട്. കുഴല്‍ കിണറുകളില്‍ ജലവിതാനം താഴ്ന്നു. തോട്ടം നനയ്ക്കാനും വാഹനങ്ങൾ കഴുകാനുമൊക്കെ പൈപ്പുവെളളം ഉപയോഗപ്പെടുത്തരുതെന്നാണ് ജലസേചന ഉദ്യോഗസ്ഥരുടെ അറിയിപ്പ്.