മേല്‍പ്പാലം നിര്‍മിക്കാതെ റെയില്‍വേ ഗേറ്റ് പൂട്ടരുത്; ആവശ്യം ശക്തം

elathurrailway-01
SHARE

മേല്‍പ്പാലം നിര്‍മിക്കാതെ കോഴിക്കോട് എലത്തൂരിലെ റെയില്‍വേ ഗേറ്റ് പൂട്ടരുതെന്ന ആവശ്യം ശക്തം. കഴിഞ്ഞദിവസം നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ തീരുമാനം താല്‍ക്കാലികമായി പിന്‍വലിച്ചത്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുമെന്ന് കാട്ടി എം.കെ.രാഘവന്‍ എം.പി വീണ്ടും റെയില്‍വേ മന്ത്രിയെ കണ്ട് ആശങ്ക അറിയിക്കും.   

ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം പൂര്‍ണമായും അടയുന്നത് അംഗീകരിക്കാനാകില്ല. ആയിരത്തോളം കുടുംബങ്ങളുടെ പ്രതിഷേധം കാണാതെ പോകരുത്. മൂന്ന് ഭാഗവും പുഴയാല്‍ ചുറ്റപ്പെട്ട കുടുംബങ്ങള്‍ക്ക് ദേശീയപാതയിലെത്താനുള്ള ഏക മാര്‍ഗമാണ് റയില്‍വേ ഗേറ്റ് വഴിയുള്ള സ‍ഞ്ചാരം. ബദല്‍ മാര്‍ഗമെന്ന് കൊട്ടിഘോഷിച്ച് നടപ്പാക്കിയ അടിപ്പാത ചെറുവാഹനങ്ങളെപ്പോലും ഉള്‍ക്കൊള്ളാനാകാതെ പ്രതിസന്ധിയിലുമാണ്. മേല്‍പ്പാലം പണിയാതെ റെയില്‍വേ ഗേറ്റ് പൂട്ടാന്‍ അനുവദിക്കില്ല. ഇക്കാര്യം രേഖാമൂലം ഡിവിഷനല്‍ മാനേജരെ അറിയിച്ചു. വൈകാതെ റെയില്‍വേ മന്ത്രിയെ നേരില്‍ക്കണ്ട് വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെടുമെന്നും എം.പി പറഞ്ഞു.

ജില്ലാ കലക്ടറും എലത്തൂരിലെത്തി നാട്ടുകാരും ജനപ്രതിനിധികളുമായി സംസാരിച്ചു. കൂടുതല്‍ ചര്‍ച്ചയിലൂടെ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. വഴിയടയാതെ നോക്കാന്‍ വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിലുള്ള പ്രതിഷേധ കൂട്ടായ്മ കൂടുതല്‍ കരുത്തോടെ നിലനിര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്. 

MORE IN NORTH
SHOW MORE
Loading...
Loading...