കടലുണ്ടിപ്പുഴയിലെ സംരക്ഷണ ഭിത്തിയുടെ നിര്‍മാണം; അശാസ്ത്രീയമെന്ന് പരാതി

മലപ്പുറം വള്ളിക്കുന്ന് കടലുണ്ടിപ്പുഴയിലെ  സംരക്ഷണ ഭിത്തിയുടെ നിര്‍മാണം അശാസ്ത്രീയമെന്ന് പരാതി. പുഴ കയ്യേറിയാണ്  നിര്‍മാണം നടത്തുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. കാലവർഷത്തിൽ വെള്ളം ഉയരുന്ന പ്രദേശത്ത് ആശാസ്ത്രീയമായ നിര്‍മാണം സ്ഥിതി കൂടുതൽ സങ്കീർണമാക്കുമെന്നാണ്  ആക്ഷേപം. 

പൊറാഞ്ചേരി ഒലിപ്രം കടവ് റോഡിനോട് ചേര്‍ന്നുള്ള കടലുണ്ടിപ്പുഴയോരത്ത്  സംരക്ഷണ ഭിത്തി നിർമിക്കുന്നത് കൃത്യമായ പഠനങ്ങൾ ഇല്ലാതെയാണെന്നാണ്  നാട്ടുകാരുടെ പരാതി. ഇറിഗേഷന്‍ വകുപ്പിന്റെ 17 ലക്ഷം രൂപ ചെലവഴിച്ചാണ് സുരക്ഷാ ഭിത്തി നിര്‍മിക്കുന്നത്. പുഴയിൽ നിന്നും കരയിലേക്കുള്ള 15 മീറ്റര്‍ ഭാഗം, ചകരി പൂഴ്ത്താന്‍ സര്‍ക്കാര്‍ മുമ്പ് പാട്ടത്തിന് വിട്ട് നൽകിയ സ്ഥലമാണ്. വർഷങ്ങൾക്ക് മുമ്പ് അത്  നിർത്തലാക്കുകയും ചെയ്തു. ഈ പ്രദേശം പുഴയുടെ ഭാഗമാണെന്നും, ഇവിടെ നിർമാണം പാടില്ലെന്നുമാണ്  നാട്ടുകാരുടെ വാദം.

കഴിഞ്ഞ രണ്ട് പ്രളയത്തിലും വ്യാപകമായി വെള്ളം കയറിയ പ്രദേശത്തെ നിർമാണം നാട്ടുകാരുടെ ആശങ്ക വര്‍ധിപ്പിക്കുന്നു. ഇറിഗേഷന്‍, റവന്യൂ വകുപ്പുകൾക്ക് നാട്ടുകാർ ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്.  വിഷയം പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് ഇറിഗേഷന്‍ അധികൃതർ അറിയിച്ചു.