പ്ലാസ്റ്റിക് മാലിന്യ സംസ്കരണ കേന്ദ്രത്തിലെ അഗ്നിബാധ; നടപടി വൈകുന്നു

കോഴിക്കോട് ചെറുവണ്ണൂരില്‍ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ കേന്ദ്രത്തിലുണ്ടായ അഗ്നിബാധയില്‍ നടപടി വൈകുന്നു. അനധികൃത കെട്ടിടം രണ്ട് 

ദിവസത്തിനുള്ളില്‍ പൊളിച്ച് നീക്കണമെന്ന കലക്ടറുടെ ഉത്തരവ് രണ്ടാഴ്ച പിന്നിടുമ്പോഴും പാലിച്ചില്ല. മാലിന്യം നീക്കുന്ന ജോലികളും മെല്ലെപ്പോക്കിലാണ്.  

മാലിന്യ കേന്ദ്രത്തിന്റെ നടത്തിപ്പുകാരുടെ അലംഭാവം കൊണ്ടുണ്ടായ അഗ്നിബാധ. മാലിന്യം വേര്‍തിരിക്കാതെ സൂക്ഷിച്ചിരുന്നതിനാലാണ് ഗ്യാസ് പടര്‍ന്ന് 

തീകത്തിയത്. എട്ട് തൊഴിലാളികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. യാതൊരു അനുമതിയുമില്ലാതെയാണ് മാലിന്യം സംഭരിക്കാനുള്ള കെട്ടിടം നിര്‍മിച്ചത്. 

അഗ്നിബാധയുടെ തുടര്‍ച്ച കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നും വിദഗ്ധസമിതി കണ്ടെത്തിയിരുന്നു. പിന്നാലെ കലക്ടര്‍ അതിവേഗ നടപടിക്ക് നിര്‍ദേശം നല്‍കി. കെട്ടിടം പൊളിക്കാന്‍ രണ്ട് തവണ നഗരസഭ നോട്ടിസ് നല്‍കിയെങ്കിലും മാലിന്യം നീക്കാനുണ്ടെന്ന കാരണം പറഞ്ഞ് നടപടി 

നീളുകയാണ്.   ആദ്യ ആഗ്നിബാധയ്ക്ക് പിന്നാലെ രണ്ട് തവണയാണ് വീണ്ടും മാലിന്യ കേന്ദ്രത്തില്‍ അഗ്നിബാധയുണ്ടായത്. ദേശീയപാതയോരത്ത് നിരവധി വ്യാപാര സ്ഥാപനങ്ങളോട് ചേര്‍ന്നാണ് പ്ലാന്റുള്ളത്. സ്ഥലം പൂര്‍വ സ്ഥിതിയിലാക്കിയില്ലെങ്കില്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാകുമെന്നും ഡെപ്യുട്ടി 

കലക്ടറുടെ റിപ്പോര്‍ട്ടിലുണ്ട്.