ശുചിമുറി മാലിന്യം കെട്ടിക്കിടക്കുന്നു; ചീഞ്ഞുനാറി തിരൂർ ജില്ലാ ആശുപത്രി പരിസരം

മലപ്പുറം തിരൂര്‍ ജില്ലാ ആശുപത്രി പരിസരം ചീഞ്ഞുനാറുന്നു. ആശുപത്രിയിലെ പ്രസവ വാര്‍ഡിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് കക്കൂസ് മാലിന്യമടക്കം കെട്ടിക്കിടക്കുന്നത്. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നാണ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ആവശ്യം.

സ്ത്രീകളുടെയും കുട്ടികളുടെയും പ്രത്യേക ബ്ലോക്കിന് സമീപത്താണ് ഈ മനം മടുപ്പിക്കുന്ന കാഴ്ച്ച. സെപ്റ്റിക് ടാങ്ക് പൊട്ടി കക്കൂസ് മാലിന്യം തറയില്‍ പരന്ന് ഒഴുകുന്നു. അസഹ്യമായ ദുര്‍ഗന്ധം സഹിച്ചാണ് പ്രവസശേഷം സ്ത്രീകളും കുഞ്ഞുങ്ങളും ഇവിടെ കഴിയുന്നത്.

ഗുരുതര ആരോഗ്യപ്രശ്നത്തെ കുറിച്ച് പലതവണ പരാതി നല്‍കിയിട്ടും പരിഹാരമില്ലെന്നാണ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ആക്ഷേപം. മഴയായാല്‍ കെട്ടിടത്തിന് അകത്തും വെള്ളം നിറയും. വേനല്‍ മഴയെത്തിയാല്‍ സ്ഥിതി കൂടുതല്‍ വഷളാകും. തിരൂര്‍ നഗരസഭയോ ജില്ലാ പഞ്ചായത്തോ അടിയന്തരമായി ഇടപ്പെട്ടാലെ പ്രശ്നത്തിന് പരിഹാരമാകൂ.