കനാലിൽ നിന്നുള്ള ജലസേചനം മുടങ്ങി; ഒറ്റപ്പാലത്ത് നെൽകൃഷി നശിക്കുന്നു

പാലക്കാട് ഒറ്റപ്പാലം പാലപ്പുറത്ത് വെളളമില്ലാതെ നെല്‍കൃഷി ഉണങ്ങി നശിക്കുന്നു. മലമ്പുഴ കനാൽ നികത്തപ്പെട്ടു ജലസേചനം തടസപ്പെട്ടതാണ് കാരണം.

പാലപ്പുറം ചക്കാല പാടശേഖരത്തിലെ നാൽപ്പത് കർഷകരുടെ ഉടമസ്ഥതയിലുള്ള െനല്‍കൃഷിയാണ് ഉണങ്ങി നശിക്കുന്നത്. ഏകദേശം മുപ്പത് ഏക്കര്‍ പാടം വീണ്ടുകീറിയ നിലയിലാണ്. മലമ്പുഴ കനാൽ നികത്തപ്പെട്ട് ജലമൊഴുക്ക് ഇല്ലാതായായതാണ് കാരണം. പാടശേഖരത്തിന് ഒരു കിലോമീറ്റർ അകലെ ഒറ്റപ്പാലം നഗരസഭയുടെയുടെയും ലക്കിടിപേരൂർ പഞ്ചായത്തിന്റെയും അതിർത്തിയിലാണു കനാൽ നികത്തപ്പെട്ടത്. 

കനാൽ പൂർവസ്ഥിതിയിലാക്കാൻ ജില്ലാ കലക്ടർ നിർദേശം നൽകിയിരുന്നെങ്കിലും ജലസേചന വകുപ്പ് ഇനിയും ഇടപെട്ടിട്ടില്ല. ഏക്കറിനു ശരാശരി മുപ്പതിനായിരം രൂപയോളം കൃഷിക്ക് ചെലവഴിച്ചു. വരുംനാളുകളിലെങ്കിലും വെളളമെത്തിയില്ലെങ്കില്‍ കര്‍ഷകര്‍ക്ക് കനത്തനഷ്ടമുണ്ടാകും.