പുല്ലഴിയിൽ പോരാട്ടം തീ പാറും; എൽഡിഎഫിനും യുഡിഎഫിനും നിർണായകം

pullazhi-10
SHARE

തൃശൂർ കോർപറേഷൻ പുല്ലഴി ഡിവിഷൻ തിരഞ്ഞെടുപ്പിൽ തീ പാറും പോരാട്ടമാണ്. കോർപറേഷൻ ഭരണം കിട്ടാൻ എൽ.ഡി.എഫിനും യു.ഡി.എഫിനും തിരഞ്ഞെടുപ്പുഫലം നിർണായകമാണ്.  എൽ.ഡി.എഫിന്റെ സിറ്റിങ് സീറ്റാണ് പുല്ലഴി ഡിവിഷൻ. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം നൂറ്റിയെഴുപത്തിയെട്ട് വോട്ട്. കോൺഗ്രസിന്റെ മുൻ കൌൺസിലറായ അഡ്വക്കേറ്റ് മഠത്തിൽ രാമൻകുട്ടിയാണ് എൽ.ഡി.എഫിന്റെ സ്ഥാനാർഥി. കോൺഗ്രസ് വോട്ടുകൾ പെട്ടിയിലാക്കാനാണ് പഴയ കോൺഗ്രസ് കൗൺസിലറെ തന്നെ രംഗത്തിറക്കിയത്.

യു.ഡി.എഫിന്റെ സ്ഥാനാർഥി രാമനാഥൻ നേരത്തെ ഇതേഡിവിഷനിൽ നിന്ന് ജയിച്ചിട്ടുണ്ട്. എണ്ണൂറ്റിമുപ്പത്തിമൂന്ന് വോട്ടായിരുന്നു രാമനാഥന്റെ അന്നത്തെ ഭൂരിപക്ഷം. ഡിവിഷനിൽ ഓടിനടന്ന് വോട്ടർമാർക്കു വേണ്ടി പ്രവർത്തിച്ച അനുഭവ സമ്പത്തുണ്ട് രാമനാഥന്. പുല്ലഴിക്കാർ ഒരിക്കൽക്കൂടി  കൂടെനിൽക്കുമെന്നാണ് രാമനാഥന്റെ പ്രതീക്ഷ.

നേരത്തെ ബി.ഡി.ജിഎസിന് നൽകിയ സീറ്റായിരുന്നു ഇത്. അഭിമാന പോരാട്ടം കാഴ്ചവയ്ക്കാൻ സീറ്റ് ബി.ജെ.പി തിരിച്ചുവാങ്ങി. സന്തോഷ് പുല്ലഴിയാണ്

ബി.ജെ.പിയുടെ സ്ഥാനാർഥി.  കോൺഗ്രസിന്റെ കോർപറേഷൻ പ്രതിപക്ഷ നേതാവായിരുന്ന അഡ്വക്കേറ്റ് എം.കെ.മുകുന്ദനായിരുന്നു പുല്ലഴി ഡിവിഷനിലെ എൽ.ഡി.എഫ് സ്ഥാനാർഥി. തിരഞ്ഞെടുപ്പിന് തൊട്ടുമുന്പായിരുന്നു മുകുന്ദൻ കോൺഗ്രസ് വിട്ടത്. നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം മുകുന്ദൻ മരിച്ചു. അങ്ങനെയാണ്, തിരഞ്ഞെടുപ്പ് മാറ്റിവച്ചത്. കോർപറേഷനിൽ ഇരുപത്തിനാല് കൗൺസിലർമാരാണ് എൽ.ഡി.എഫിന്. യു.ഡി.എഫിനാകട്ടെ ഇരുപത്തിമൂന്നും. വിമതന്റെ പിന്തുണയോടെ കോർപറേഷൻ ഭരണം എൽ.ഡി.എഫിന് കിട്ടി. പുല്ലഴി ഒപ്പം നിന്നാൽ ഭരണം പിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയുണ്ട് യു.ഡി.എഫിന്.

MORE IN NORTH
SHOW MORE
Loading...
Loading...