ട്രാക്കിന് സമാന്തരമായി റോഡ്; യാത്രാതടസത്തിന് പരിഹാരവുമായി റെയിൽവേ

പാലക്കാട് ഒലവക്കോടിന് സമീപം കാവിൽപ്പാട് റെയിൽവേ ഗേറ്റിന് പകരമായി റെയില്‍വേ പുതിയ റോഡ് നിര്‍മിക്കുന്നു. ഗേറ്റ് അടച്ചിടുന്നതുമൂലമുളള യാത്രാതടസം ഒഴിവാക്കാനായി റെയില്‍വേട്രാക്കിന് സമാന്തരമായുളള റോഡ് നിര്‍മാണ പ്രവൃത്തികള്‍ തുടരുകയാണ്

റെയിൽവേയുടെ സ്ഥലത്ത് റെയില്‍വേ തന്നെയാണ് നാട്ടുകാര്‍ക്കുവേണ്ടി റോഡ് നിര്‍മിക്കുന്നത്. കാവിൽപ്പാട് റെയിൽവേ ഗേറ്റ് ഒഴിവാക്കാനായി റെയിൽവേ ട്രാക്കിനു സമാന്തരമായി 430 മീറ്റർ ദൂരത്തിലാണ് പുതിയ റോഡ് നിർമാണം. കാവില്‍പ്പാട് താമസിക്കുന്നവര്‍ക്ക് റെയില്‍വേട്രാക്ക് മുറിച്ചുകടക്കാതെ പാലക്കാട് നഗരത്തിലേക്ക് പ്രവേശിക്കാന്‍ പുതിയപാത പ്രയോജനപ്പെടും. പേഴുങ്കര വഴി എത്തുന്നവർക്കും പുതിയ റോഡ് വഴി യാത്രചെയ്യാം. അതേസമയം ഇവിടെയുളളവര്‍ക്ക് ഒലവക്കോട് ഭാഗത്തേക്ക് പോകണമെങ്കില്‍ ഒന്നരകിലോമീറ്റര്‍ ചുറ്റി സഞ്ചരിക്കണമെന്ന ബുദ്ധിമുട്ടും നിലനില്‍ക്കുന്നു. പരിഹാരമെന്നോണം അടിപ്പാത കൂടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

ചരക്കുലോറി ഗതാഗതം കൂടി കണക്കിലെടുത്താണ് പുതിയ റോഡിന്റെ നിർമാണമെന്ന് റെയില്‍വേ അറിയിച്ചു.