റോഡ് തകര്‍ന്നിട്ട് മാസങ്ങൾ; നന്നാക്കാൻ നടപടിയില്ല: ദുരിതം

കൂടരഞ്ഞി – കക്കാടംപൊയില്‍– നിലമ്പൂര്‍ റോഡ് തകര്‍ന്നിട്ട് മാസങ്ങളായിട്ടും നന്നാക്കാന്‍ നടപടിയില്ല. വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ ദിനംപ്രതി വന്നുപോകുന്ന റോഡില്‍ കാല്‍നട പോലും ദുസ്സഹമാകുന്ന സ്ഥിതിയാണിപ്പോള്‍. 

  

മലയോര മേഖലയിലെ പ്രധാന റോഡുകളിലൊന്നിന്‍റെ സ്ഥിതിയാണിത്. പൊട്ടിപ്പൊളി‍ഞ്ഞ് കിടക്കുന്ന റോ‍ഡില്‍ സാഹസമായി  വണ്ടി ഓടിച്ചെങ്കിലേ മറുകരയെത്തൂ. പാതിയില്‍ കുടുങ്ങികിടക്കുന്ന വാഹനങ്ങളെ തള്ളിനീക്കലാണ് പ്രദേശവാസികളുടെ ഇപ്പോഴത്തെ പ്രധാന ജോലി.  വിനോദ സഞ്ചാരികള്‍ ഏറെയെത്തുന്ന സ്ഥലമാണിതെന്ന് പോലും അധികൃതര്‍ ഓര്‍ക്കുന്നില്ലെന്ന് നാട്ടുകാര്‍. 

ആശുപത്രി ആവശ്യങ്ങള്‍ക്ക് പോലും ഇവിടത്തേയ്ക്ക് വാഹനം കിട്ടാത്ത അവസ്ഥയാണ്. മാസങ്ങള്‍ക്ക് മുമ്പ് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് നിര്‍മാണം തുടങ്ങുമെന്ന്  പ്രഖ്യാപിച്ചതാണെങ്കിലും അതിന്‍റെ ചെറുചലനം പോലും കാണാനില്ല. നിരവധി ആദിവാസി കുടുംബങ്ങളുടെയും ഏക ആശ്രയമാണ് ഈ റോഡ്.