വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡ് പുനര്‍നിര്‍മിക്കും: ഉറപ്പുമായി ഭരണകൂടം

കോഴിക്കോട് കക്കയം വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡ് വൈകാതെ പുനര്‍നിര്‍മിക്കുമെന്ന് ജില്ലാഭരണകൂടം. കോവിഡ് നിയന്ത്രണം കഴിഞ്ഞ് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചെങ്കിലും തകര്‍ന്ന റോഡ് അപകടത്തിനിടയാക്കുമെന്ന മനോരമ ന്യൂസ് വാര്‍ത്തയെത്തുടര്‍ന്നാണ് നടപടി. പൊതുമരാമത്ത് വകുപ്പിനോട് ഫലപ്രദമായി ഇടപെടാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു.     

റോഡിന്റെ പോരായ്മ പരിഹരിക്കാത്തതില്‍ സഞ്ചാരികള്‍ക്ക് വ്യാപക പരാതിയാണുള്ളത്. പ്രളയത്തില്‍ തകര്‍ന്ന റോഡില്‍ പുതുതായി ഒരു കല്ല് പോലും നിരത്താന്‍ ബന്ധപ്പെട്ടവര്‍ക്കായിരുന്നില്ല. മികച്ച കാഴ്ചാനുഭവമുണ്ടെങ്കിലും കക്കയം ഹൈഡല്‍ ടൂറിസം അധികൃതരും നേരിടുന്ന പ്രധാന പ്രതിസന്ധി നിലവാരമില്ലാത്ത റോഡാണ്. 

മനോരമ ന്യൂസ് വാര്‍ത്തയെത്തുടര്‍ന്നാണ് ജില്ലാഭരണകൂടം റോഡ് പുനര്‍ നിര്‍മാണത്തിനായി അടിയന്തര ഇടപെടല്‍ നടപ്പാക്കിയെന്നറിയിച്ചത്. ടെന്‍ഡര്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി നിര്‍മാണം തുടങ്ങാന്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഫണ്ടിന്റെ കുറവുണ്ടെങ്കില്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി വേഗം പരിഹാരം കാണുമെന്നും കലക്ടര്‍ അറിയിച്ചു.