ബില്ലിനെതിരെ പ്രതിഷേധം വ്യാപകം; ട്രാക്ടർ മാർച്ചുമായി കർഷകർ

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷികബില്ലിനെതിരെ കേരളത്തിലും പ്രതിഷേധം വ്യാപിക്കുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേതു പോലെ പാലക്കാട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ട്രാക്ടര്‍ മാര്‍ച്ച് നടത്തി.

കര്‍ഷകര്‍ ഏറെയുളള പാലക്കാടിന്റെ കിഴക്കന്‍മേഖലയായ കൊഴിഞ്ഞാമ്പാറയില്‍ നിന്നാണ് പാലക്കാട് നഗരത്തിലേക്ക് ട്രാക്ടര്‍ മാര്‍ച്ച് നടത്തിയത്. കെപിസിസി ഒബിസി ഡിപ്പാര്‍ട്ട്മെന്റിന്റെ ഭാഗമായി ഡിസിസി ഉപാധ്യക്ഷന്‍ സുമേഷ് അച്യുതന്റെ നേതൃത്വത്തിലായിരുന്നു ട്രാക്ടര്‍ മാര്‍ച്ച്. കൊഴിഞ്ഞാമ്പാറ, വടകരപ്പതി, എരുത്തേമ്പതി മേഖലകളിലെ കര്‍ഷകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരുമാണ് ട്രാക്ടര്‍ ഒാടിച്ച് വേറിട്ട സമരത്തിന്റെ ഭാഗമായത്. മുപ്പത്തിയഞ്ച് ട്രാക്ടറുളുണ്ടായിരുന്നു. കൊഴിഞ്ഞാമ്പാറയില്‍ നിന്ന് പാറ എലപ്പുളളി വഴി ബിപിഎല്‍ കൂട്ടുപാതയില്‍ വച്ച് ദേശീയപാതയിലൂടെയാണ് മാര്‍ച്ച് പാലക്കാട് നഗരത്തിലേക്ക് പ്രവേശിച്ചത്. വരും ദിവസങ്ങളിലും കോണ്‍ഗ്രസ് നേതൃത്വത്തില്‍ സമരം തുടരുമെന്നാണ് അറിയിപ്പ്

പഞ്ചാബ്, ഹരിയാന, സംസ്ഥാനങ്ങളിലും സമാനമായ രീതിയില്‍ ട്രാക്ടര്‍ റാലിയുണ്ടായിരുന്നു. പാടങ്ങളില്‍ കര്‍ഷകബില്ല് കത്തിച്ചും കറ്റ തല്ലിയും വിവിധയിടങ്ങളില്‍ പ്രതിഷേധം തുടരുകയാണ്.