കാട്ടാനശല്യത്തില്‍ പൊറുതിമുട്ടി നടവയല്‍; വ്യാപക നാശനഷ്ടം; കാടിറങ്ങുന്ന ഭീതി

കാട്ടാനശല്യത്തില്‍ പൊറുതിമുട്ടി വയനാട് നടവയല്‍ മേഖല. ലക്ഷക്കണക്കിന് രൂപയുടെ വാഴക്കൃഷിയും തെങ്ങുകളും കാട്ടാനകള്‍ നശിപ്പിച്ചു. പരാതികള്‍ അവഗണിച്ച വനംവകുപ്പിനെതിരെ കര്‍ഷകര്‍ കൃഷിയിടങ്ങളില്‍ പ്രതിഷേധബോര്‍ഡുകള്‍ സ്ഥാപിച്ചു.

നാലേക്കറോളം സ്ഥലമുണ്ട് നടവയല്‍ മണിമല ബിനോയ് തോമസിന്. കഴിഞ്ഞ ദിവസം കാട്ടനകളറിറങ്ങി കുലച്ച വാഴകള്‍ ചവിട്ടിമെതിച്ചു. തെങ്ങുകളും മറിച്ചിട്ടു.നഷ്ടം തിട്ടപ്പെടുത്തിയില്ല. ആദ്യമായിട്ടല്ല ഇദ്ദേഹത്തിന്റെ കൃഷിയിടങ്ങളില്‍ കാട്ടനായിറങ്ങി കൃഷി നശിപ്പിക്കുന്നത്. നേരത്തെ ഇവിടെ തെങ്ങിന്‍തോപ്പായിരുന്നു. കാട്ടാന ശല്യം കാരണം തെങ്ങുകള്‍ വെട്ടിമാറ്റി വാഴയും കാപ്പിയും തുടങ്ങിയതാണ്. എന്നിട്ടും രക്ഷയില്ല. വനം വകുപ്പിനെതിരെ പറമ്പില്‍ ബോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ് ഈ കര്‍ഷകന്‍. നിയമ ടപടികളും സ്വീകരിക്കാനൊരുങ്ങുകയാണ്. 

പാതിരി സൗത്ത് സെക്ഷന്‍ വനത്തില്‍ നിന്നാണ് കാട്ടാനക്കൂട്ടമിറങ്ങുന്നത്. നിലവിലുളള പ്രതിരോധ മാര്‍ഗങ്ങളെല്ലാം വെറുതെയാണ്.