കനത്ത മഴ; കണ്ണൂരിലെ നെൽകൃഷി മേഖലയിൽ വലിയ നഷ്ടം

കനത്ത മഴയെ തുടർന്ന് കണ്ണൂരിലെ നെൽകൃഷി മേഖലയിൽ വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കൊയ്ത്തിന് പാകമായ ഏക്കറുകണക്കിന് നെൽവയലുകൾ വെള്ളക്കെട്ടിൽ മുങ്ങിയിരിക്കുകയാണ്.

പ്രതീക്ഷയോടെ ഞാറു നട്ട് , വളമിട്ട് വളർത്തിയ ഏക്കറുകണക്കിന് കൃഷിയിന്ന് കർഷകന്റെ കണ്ണീരാണ്. കൊയ്യാൻ പാകമായ പൊൻകതിരുകൾ ശക്തമായ കാറ്റിലും മഴയിലും പൂർണമായും നശിച്ചു. കാലം തെറ്റി പെയ്ത മഴയാണ് കർഷകന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചത്. കാരാട്ടുവയൽ പാടശേഖരത്തിൽ മാത്രം പത്തു ഏക്കറിലേറെ വയലിലാണ് വെള്ളം കയറിയത്. പൂർണമായും ജൈവരീതിയിലായിരുന്നു കൃഷി .

അതിജീവന ശേഷി കൂടുതലുള്ള തവളക്കണ്ണൻ വിത്താണ് വിതച്ചത്. പക്ഷേ കനത്ത മഴയിൽ പിടിച്ചു നിൽക്കാനായില്ല.കൃഷിവകുപ്പിന്റെ പൂർണ പിന്തുണ ഉണ്ടായിരുന്നതായി കർഷകർ പറഞ്ഞു. ഇൻഷുറൻസ് ലഭിച്ചാൽ ചെറിയ ആശ്വാസമാകുമെന്ന പ്രതീക്ഷ മാത്രമാണ് ഇനി കർഷകർക്ക് ബാക്കിയുള്ളത്.