കുടിവെള്ളം മുട്ടിയ അവസ്ഥയിൽ പോലൂരിലെ ഇരുപതിലധികം കുടുംബങ്ങള്‍

കനത്ത മഴയില്‍ നാടെങ്ങും വെള്ളത്തിലായപ്പോള്‍ കുടിവെള്ളം മുട്ടിയ അവസ്ഥയിലാണ് കോഴിക്കോട് വെസ്റ്റ് പോലൂരിലെ ഇരുപതിലധികം കുടുംബങ്ങള്‍. വളച്ച് കെട്ടിയതില്‍ ലക്ഷം വീട് കോളനിക്കാരുടെ കുടിവെള്ള ഉറവിടമായ പൊതുകിണര്‍ പൂര്‍ണമായും ഇടിഞ്ഞ് താണു. കിണറിനോട് ചേര്‍ന്നുള്ള രണ്ട് വീടുകള്‍ അപകടഭീഷണിയിലാണ്.

നാല്‍പത് വര്‍ഷത്തിലധികമായി മുട്ടില്ലാതെ കുടിവെള്ളം നല്‍കിയിരുന്ന കിണറാണ് ഇടിഞ്ഞുതാണത്. മണ്ണ് നിറഞ്ഞ് കിണര്‍ പൂര്‍ണമായും ഉപയോഗശൂന്യമായി. സമീപത്തെ വീടുകളും ഭീഷണിയിലാണ്. കിണറിലേക്ക് കൂടുതല്‍ വെള്ളം ഒഴുകിയെത്താതിരിക്കാന്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ ടാര്‍പോളിന്‍ കെട്ടി സംരക്ഷണമൊരുക്കി. പൈപ്പ് വഴിയുള്ള ജലവിതരണം നിലച്ചിട്ട് പത്ത് ദിവസമായതിനാല്‍ കനത്ത മഴയിലും കോളനിയില്‍ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നുണ്ട്.   

കിണര്‍ താല്‍ക്കാലികമായി മൂടി പിന്നീട് പുനസ്ഥാപിക്കുമെന്ന് കുരുവട്ടൂര്‍ പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. കനത്ത മഴ തുടരുന്നതിനാല്‍ കിണറിനോട് ചേര്‍ന്നുള്ള വീട്ടിലെ അംഗങ്ങളെ വേണ്ടിവന്നാല്‍ മാറ്റിപ്പാര്‍പ്പിക്കും.