അഞ്ച് മാസമായി ശമ്പളമില്ല; തിരുവോണത്തിൽ കഞ്ഞിവെപ്പ് സമരവുമായി തൊഴിലാളികൾ

അഞ്ചുമാസമായി ശമ്പളം കിട്ടാതായതോടെ തിരുവോണ ദിനത്തില്‍ കഞ്ഞിവെയ്പ്പ് സമരം നടത്തി കോഴിക്കോട് ചെറുവണ്ണൂര്‍ ഓട് നിര്‍മാണ കമ്പനിയിലെ തൊഴിലാളികള്‍. ഭരണകക്ഷി യൂണിയനായ എ.ഐ.ടി.യു.സി. ആണ് മാനേജ്മെന്റിനെതിരെ പ്രതീകാത്മക സമരം നടത്തിയത്.  

മാസങ്ങളായി ശമ്പളം ഇല്ലാതായതോടെ ഇതുതന്നെയാണ് ഈ തൊഴിലാളികളുടെ വീട്ടിലെയും സ്ഥിതി. വരുമാനം നിലച്ച് പട്ടിണിയിലായതോടെ മറ്റ് ഉപജീവന മാര്‍ഗം തേടിയവരുമുണ്ട്. ദുരവസ്ഥ സര്‍ക്കാരിനോടും മാനേജ്മെന്റിനോടും പറഞ്ഞിട്ടും ഫലമുണ്ടായില്ല. ഇതോടെയാണ് ഭരണകക്ഷി യൂണിയനായ എ.ഐ.ടി.യു.സി തന്നെ സമര രംഗത്തിറങ്ങിയത്. വിറ്റുവരവ് കുറഞ്ഞതോടെ കമ്പനി സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അതിനാലാണ് ശമ്പളം നല്‍കാന്‍ കഴിയാത്തതെന്നുമാണ് മാനേജ്മെന്റിന്റെ വാദം.