പൊതുകിണർ ഇടിഞ്ഞു താഴേക്ക് പോയി; വെള്ളംകുടി മുട്ടി 70 കുടുംബങ്ങൾ

വയനാട് ബത്തേരിയിൽ എഴുപതോളം കുടുംബങ്ങൾ ആശ്രയിച്ചിരുന്ന പൊതുകിണർ ഇടിഞ്ഞു താഴേക്ക് പോയി. ബത്തേരി ചെമ്പകപാളിയിലാണ് സംഭവം. കുടുംബങ്ങൾക്ക് കുടിവെള്ളത്തിനു മറ്റു മാർഗങ്ങളില്ല. 

മഴയത്തും വേനലിലും പ്രദേശത്തെ കുടുംബങ്ങളുടെ  ആശ്രയമായിരുന്നു ഈ കിണർ. കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ഇരുപത് വർഷം മുമ്പാണ് കുഴിച്ചത്. കഴിഞ്ഞ ദിവസത്തെ മഴയിൽ  ചെറുതായി ഇടിഞ്ഞു. ഇപ്പോൾ അഞ്ചു മീറ്ററോളം കുത്തനെ താഴേക്ക് പോയി. തൊട്ടടുത്തുള്ള വീടും ഭീഷണിയിലാണ്.

പല കുടുംബങ്ങൾക്കും കുടിവെള്ളത്തിനു മറ്റു മാർഗമില്ല. അപകടാവസ്ഥയിലുള്ള കിണർ മൂടി പകരം സംവിധാനം ഒരുക്കണമെന്നാണ് ആവശ്യം.