അർധ അതിവേഗ റയിൽപാതയ്ക്കെതിരെ ജനകീയ സമരം

അര്‍ധ അതിവേഗ റയില്‍പാതയ്ക്കെതിരെ പ്രതിരോധനിര തീര്‍ത്ത് കോഴിക്കോട് തിക്കോടി, മൂടാടി പഞ്ചായത്തുകളില്‍ ജനകീയ സമരം. ജനവാസ മേഖല ഒഴിവാക്കി നിലവിലെ പാതയോട് ചേര്‍ന്ന് അര്‍ധ അതിവേഗ പാത നിര്‍മിക്കണമെന്നാവശ്യപ്പെട്ടാണ് നൂറ് കണക്കിനാളുകള്‍ പങ്കെടുത്ത സമരം നടന്നത്.

നിര്‍ദിഷ്ടപാത കടന്നുപോകുന്ന തിക്കോടി മുതല്‍ നന്തിവരെ പ്രതിരോധനിര തീര്‍ത്താണ് നാടിന്റെ പ്രതിഷേധം അറിയിച്ചത്. കോവിഡ് കാരണം കൂട്ടം കൂടിയുള്ള സമരം ഒഴിവാക്കി ഓരോ കുടുംബവും മൂന്ന് മീറ്റര്‍ അകലം പാലിച്ചാണ് നിരയില്‍ നിന്നത്. 

155 വീടുകള്‍ പൂര്‍ണമായും പൊളിച്ചുമാറ്റേണ്ടിവരുമെന്ന് നാട്ടുകാര്‍ പറയുന്നു. പ്രകൃതിക്കും മനുഷ്യര്‍ക്കും നാശവും നഷ്ടവും വരുത്തുന്ന പദ്ധതി ഇവിടെനിന്ന് മാറ്റണമെന്നാണ് ഏക ആവശ്യം. ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ റവന്യൂവകുപ്പിന്റെ മേല്‍നോട്ടത്തില്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.