ജീവനക്കാർ ക്വാറന്റീനിൽ; താളം തെറ്റി മെഡിക്കല്‍ കോളജ് ആശുപത്രി

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കൂടുതല്‍ ജീവനക്കാര്‍ ക്വാറന്റീനില്‍ പോയതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റുന്നു. ഇതുവരെ 226 ആരോഗ്യപ്രവര്‍ത്തകരാണ് നീരീക്ഷത്തില്‍ പോയത്. ടേര്‍ഷ്യറി കാന്‍സര്‍ സെന്റര്‍  ഉള്‍പ്പടെ മൂന്നു വാര്‍ഡുകള്‍ പൂര്‍ണമായും അടച്ചു. കോവിഡ് ഇതര വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുന്ന രോഗികള്‍ക്ക്  കോവിഡ് സ്ഥിരീകരിക്കുന്നതും ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നുണ്ട്.

നെഫ്രോളി വാര്‍ഡില്‍ ചികില്‍സതേടിയ രോഗിക്കും ശസ്ത്രക്രിയക്കെത്തിയ രോഗിക്കുമായിരുന്നു കോവിഡ് ഇതര വാര്‍ഡില്‍  ആദ്യം രോഗം  സ്ഥിരീകരിച്ചത്. പീന്നീട് ഇവിടുത്തെ നഴ്സിനും രോഗം സ്ഥിരീകരിച്ചു. ഇതിനു പിന്നാലെ കാര്‍ഡിയോളജി വാര്‍ഡില്‍ ചികില്‍സക്കെത്തിയ രോഗിക്കും ഒരു കുട്ടിക്കും കോവിഡ് വന്നു. നെഫ്രോളജി, കാര്‍ഡിയോളജി വാര്‍ഡുകള്‍ പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ് . 

നിലവില്‍ 8 ഡോക്ടര്‍മാര്‍, 4 നഴ്സുമാര്‍, മൂന്ന് ഫാര്‍മസിസ്റ്റ് എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 226 ആരോഗ്യ പ്രവര്‍ത്തകരാണ് നിരീക്ഷണത്തില്‍ പോയത്.കാന്‍സര്‍ രോഗികള്‍ക്ക് ഏറെ പ്രയോജനം ലഭിച്ചിരുന്ന ടേര്‍ഷ്യറി കാന്‍സര്‍ സെന്ററും അടച്ചു. ഇവിടെ ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 10 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവിടെ  22 ആരോഗ്യപ്രവര്‍ത്തകരാണ് നിരീക്ഷണത്തില്‍ പോയത്.പ്രതിദിനം ഒ.പിയില്‍ മാത്രം 175 നും 225 നും ഇടയില്‍ രോഗികള്‍ ഇവിടെ എത്തിയിരുന്നു.സെന്റര്‍ അടച്ചതോടെ ഇതും മുടങ്ങിയിരിക്കുകയാണ്.