പ്രായമായ അർബുദ രോഗികൾക്കായി ' പ്രത്യാശ'; തുടക്കമിട്ട് വയനാട്

അറുപതു വയസിൽ കൂടുതലുള്ള അർബുദ രോഗികൾക്ക് ഒന്നേകാൽ കോടി രൂപയുടെ ചികില്‍സാ പദ്ധതിയുമായി വയനാട്  ജില്ലാപഞ്ചായത്ത്. പ്രത്യാശ എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. ജില്ലാ മെഡിക്കല്‍ ഓഫീസറാണ്  നിര്‍വ്വഹണ ഉദ്യോഗസ്ഥ.

വയോജനങ്ങള്‍ക്കുളള പദ്ധതിക്ക്  1 കോടി രൂപയും വനിതകള്‍ക്കുളള പദ്ധതിക്ക് 20 ലക്ഷം രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്.  അടുത്ത മാസം മുതല്‍  ഗുണഭോക്താക്കള്‍ക്ക് ധനസഹായം ലഭിക്കും.  പഞ്ചായത്ത് ഓഫീസുകൾ  മുഖേനയാണ്  അപേക്ഷ സ്വീകരിക്കുക. ജൂലൈ 15 നകം അപേക്ഷകള്‍ സമര്‍പ്പിക്കണം. അപേക്ഷാ ഫോറം പാലിയേറ്റീവ് നഴ്‌സുമാരില്‍ നിന്നും ലഭിക്കും. ഡെപ്യൂട്ടി  ഡി.എം.ഒയാണ് പരിശോധിച്ച് ഗുണഭോക്തൃ ലിസ്റ്റ് തയ്യാറാക്കുക. ഗുണഭോക്താക്കള്‍ക്കുളള തിരിച്ചറിയല്‍ കാര്‍ഡ് ജില്ലാ പഞ്ചായത്ത് വിതരണം ചെയ്യും.

കാസ്പില്‍ അംഗത്വം ലഭിച്ചിട്ടില്ലാത്തവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. കാസ്പ് കാര്‍ഡിന്റെ ചികില്‍സാ പരിധി കഴിഞ്ഞവര്‍ക്കും അര്‍ഹത ഉണ്ടാകും. മേപ്പാടി ഡി.എം വിംസ്, നല്ലൂര്‍നാട് ക്യാന്‍സര്‍ സെന്റര്‍ എന്നിവരുമായി സഹകരിച്ചാണ് പദ്ധതി.