കനാലുകളിലെ കാടുവെട്ടിത്തെളിക്കാന്‍ പുതിയ യന്ത്രം; ജലസേചന വകുപ്പിന് കൈമാറി

കനാലുകളിലെ കാടുവെട്ടിത്തെളിക്കാന്‍ പുതിയ സംവിധാനവുമായി ജലസേചന വകുപ്പ്. മണ്ണുമാന്തിയന്ത്രത്തില്‍ ഘടിപ്പിച്ച യന്ത്രമാണിത്. കേരളത്തില്‍ ആദ്യമായി പാലക്കാട്‌ ചിറ്റൂര്‍ മേഖലയില്‍ ഉപയോഗിച്ചുതുടങ്ങി.

ജലസേചനമന്ത്രിയുടെ നാടായ ചിറ്റൂരില്‍ തന്നെയാണിത്. കനാലുകള്‍ വൃത്തിയാക്കാന്‍ യന്ത്രവല്‍ക്കരണ രീതി ഇതാദ്യമായി നടപ്പാക്കി. കാഴ്ചയില്‍ മണ്ണുമാന്തിയന്ത്രമാണെങ്കിലും ഇതില്‍ ഘടിപ്പിച്ച ഇറ്റലിയില്‍ നിന്ന് ഇറക്കുമതി ചെയ്ത യന്ത്രത്തിലൂടെയാണ് പ്രവര്‍ത്തനം. കനാലുകളുടെ ഇരുവശങ്ങളിലുമുളള കാടുകള്‍ വെട്ടിത്തെളിക്കാന്‍ മനുഷ്യപ്രയത്നം കുറയ്ക്കാനാണ് ഇൗ സംവിധാനം. ഒരു മണിക്കൂര്‍ കൊണ്ട്  അര കിലോമീറ്റര്‍ വരെ വൃത്തിയാക്കാന്‍ കഴിയും.

ചിറ്റൂര്‍ ജലസേചനപദ്ധതിക്ക് 331 കിലോമീറ്റര്‍ നീളമുണ്ട്. കനാലുകള്‍ മാത്രമല്ല. വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ഉപയോഗപ്പെടുത്താനാകും. മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ ആസ്തിവികസനഫണ്ടില്‍ നിന്ന് പണം അനുവദിച്ച് വാങ്ങിയ വാഹനമാണ് ജലസേചനവകുപ്പിന് കൈമാറിയത്.