പ്രതിഷേധം; കൊലയ മലയിലെ ചെങ്കല്‍ ഖനനം താല്‍ക്കാലികമായി നിര്‍ത്തി

നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കോഴിക്കോട് ഉള്ള്യേരി കൊലയ മലയിലെ ചെങ്കല്‍ ഖനനം താല്‍ക്കാലികമായി നിര്‍ത്തി. കല്ലുമായി വാഹനം പുറത്തേക്കിറങ്ങാന്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ അനുവദിച്ചില്ല. മതിയായ രേഖകളുണ്ടെന്ന് ഭൂവുടമ വ്യക്തമാക്കിയെങ്കിലും പ്രതിഷേധം കണക്കിലെടുക്കണമെന്നാണ് ഉള്ള്യേരി പഞ്ചായത്തിന്റെ നിര്‍ദേശം. 

ഒഴിഞ്ഞുപോകാന്‍ ഇവര്‍ക്ക് മറ്റിടമില്ല. വര്‍ഷങ്ങളായി താമസിക്കുന്ന വീടുകള്‍ അടുത്ത മഴയില്‍ നിലംപൊത്തുമോയെന്നും സംശയം. ചെങ്കല്‍ ഖനനം തുടങ്ങിയാല്‍ നാടാകെ പ്രതിസന്ധിയിലാകും. അങ്ങനെ ഒരു മനസോടെ പ്രതിഷേധത്തില്‍ പങ്കാളികളായി. ചെങ്കല്ലുമായി വാഹനം പുറത്തിറങ്ങുന്നത് തടയാനുറച്ചവരില്‍ ആര്‍ക്കും രാഷ്്ട്രീയ വേര്‍തിരിവുണ്ടായിരുന്നില്ല. കുടിവെള്ളമുള്‍പ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങള്‍ നിലനിര്‍ത്താനുള്ള താല്‍പര്യം മാത്രം.

പ്രതിഷേധത്തിനൊടുവില്‍ പഞ്ചായത്ത് ഇടപെട്ട് ഖനനം താല്‍ക്കാലികമായി നിര്‍ത്തി. മൈനിങ് ആന്‍ഡ് ജിയോളജിയുടെ അനുമതിയുണ്ടെന്നാണ് ഭൂവുടമയുടെ നിലപാട്. നേരത്തെയുണ്ടായ തടസങ്ങളെത്തുടര്‍ന്ന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവും നേടിയിരുന്നു. ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ മറികടന്ന് പ്രതിഷേധിച്ചതിന് കണ്ടാലറിയാവുന്ന അറുപതാളുകള്‍ക്കെതിരെ അത്തോളി പൊലീസ് കേസെടുത്തു.