നോക്കുകുത്തിയായി പഴം പച്ചക്കറി സംസ്കരണ യൂണിറ്റ്; രണ്ടുകോടി നഷ്ടം

വയനാട്ടിലെ കർഷകർക്ക് വലിയ  മുതൽക്കൂട്ടാകുമായിരുന്ന മാനന്തവാടിയിലെ പഴം പച്ചക്കറി സംസ്കരണ യൂണിറ്റ് നോക്കുകുത്തിയായി.  സംസ്ഥാനത്തെ ആദ്യത്തെ സംസ്‌കരണ പായ്ക്കിങ് യൂനിറ്റാണ് മൂന്നര വർഷമായി പ്രവർത്തിക്കാതെ കിടക്കുന്നത്. രണ്ടു കോടിയോളം രൂപയുടെ യന്ത്രങ്ങളാണ് നശിക്കുന്നത്. 

എടവക കമ്മനയിലാണ് 2016 നവംബറില്‍ കൃഷി മന്ത്രി യൂണിറ്റ്  ഉദ്ഘാടനം ചെയ്തതത്. കേന്ദ്ര വാണിജ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാനത്ത് തുടങ്ങിയ അഞ്ച് യൂണിറ്റുകളില്‍ ആദ്യത്തെതായിരുന്നു ഇത്. ജില്ലയില്‍ ഉല്പാദിപ്പിക്കുന്ന നേന്ത്രക്കായ ഉള്‍പ്പെടെയുള്ള പഴ വര്‍ഗ്ഗങ്ങള്‍,വിവധയിനം പച്ചക്കറികള്‍ എന്നിവ സംസ്‌കരിച്ചു മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം.

10 മെട്രിക്ക് ടണ്‍ സംഭരണശേഷിയുള്ള പ്രീ കൂളിംഗ് യൂണിറ്റ്, 20 മെട്രിക്ക് ടണ്‍ സംഭരണ ശേഷിയുള്ള ശീതീകരണ അറ, ഗുണപരിശോധനാ ലബോറട്ടറി തുടങ്ങിയവയാണ്  ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.  ഫ്രീസര്‍ സൗകര്യങ്ങളോടു കൂടിയ വാഹനങ്ങളും ഒരുക്കിയിരുന്നു. കുറച്ചു മാസം പ്രവർത്തിച്ചെങ്കിലും പിന്നീട് നിലച്ചു.  യന്ത്രങ്ങളെല്ലാം ഏറെക്കുറെ നശിച്ച് കഴിഞ്ഞു. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ്  കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. കാർഷിക പ്രതിസന്ധികൾക്ക്  പരിഹാരമാകുമായിരുന്ന പദ്ധതിയാണ് ഇല്ലാതാകുന്നത്. നിരവധി പേർക്ക് തൊഴിലും ലഭിക്കുമായിരുന്നു.