തൊഴിലാളി ക്ഷാമം; അമൃത് പദ്ധതികളുടെ പ്രവര്‍ത്തികള്‍ പാതിവഴിയില്‍

അതിഥി തൊഴിലാളികളുെട കുറവ് സംസ്ഥാനത്തെ അമൃത് പദ്ധതികളുടെ പ്രവൃത്തികളെയും ബാധിച്ചു. പാലക്കാട് നഗരസഭയില്‍ മാത്രം നൂറിലധികം കരാറുകളാണ് മുടങ്ങിയത്. തൊഴിലാളികള്‍ ഇല്ലാത്തതിനാല്‍ പുതിയ പ്രവൃത്തികള്‍ ഏറ്റെടുക്കാനും കരാറുകാര്‍ തയ്യാറാകുന്നതുമില്ല 

തോടുകള്‍, അഴുക്കുചാലുകള്‍ എന്നിവയുടെ നിര്‍മാണവും നവീകരണവും, ജലവിതരണ പദ്ധതികള്‍, മലിനജല സംസ്കരണം, പാര്‍ക്ക് നിര്‍മാണം തുടങ്ങി നഗരസവികസനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച അമൃത് പദ്ധതിപ്രകാരമുളള നൂറിലധികം പ്രവൃത്തികളാണ് പാലക്കാട് നഗരത്തിലും മുടങ്ങിയിരിക്കുന്നത്. 232 കോടി രൂപയുടെ 119 പ്രവൃത്തികളാണുളളത്. രണ്ടുമുന്‍പ് തുടങ്ങിയതും കഴിഞ്ഞ ഏപ്രിലില്‍ നിര്‍മാണം പൂര്‍ത്തിയാക്കേണ്ടതുമായ പ്രവൃത്തികളുണ്ട്. പുതിയതായി തുടങ്ങേണ്ടതുമായ പദ്ധതികള്‍ തൊഴിലാളി ക്ഷാമത്താല്‍ ഏറ്റെടുക്കാന്‍ കരാറുകാര്‍ തയ്യാറാകുന്നതുമില്ല. 

തദ്ദേശ തിരഞ്ഞെടുപ്പ് വരാനിരിക്കെ പദ്ധതികളുടെ പൂര്‍ത്തീകരണം ഭരണകക്ഷിയിലുളളവര്‍ക്കും വെല്ലുവിളിയാണ്. കോവി‍ഡ് പശ്ചാത്തലത്തില്‍ അമൃത് പദ്ധതികള്‍ പൂര്‍ത്തിയാക്കാനുളള സമയം നീട്ടിത്തരുമെന്ന പ്രതീക്ഷയിലാണ് കരാറുകാരും നഗരസഭാ ഉദ്യോഗസ്ഥരും.