അതിഥി തൊഴിലാളികൾ മടങ്ങി; പയ്യന്നൂരിൽ പൊതുമരാമത്ത് ജോലികൾ മുടങ്ങി

അതിഥി തൊഴിലാളികള്‍ മടങ്ങിയതോടെ കണ്ണൂര്‍ പയ്യന്നൂരിലെ വിവിധ പൊതുമരാമത്ത് ജോലികള്‍ മുടങ്ങി. നഗരത്തിലെ ഓവുചാലുകളുടെ നവീകരണവും, വൃത്തിയാക്കലുമാണ് പ്രധാനമായും തടസപ്പെട്ടത്. വിവിധ റോഡുകളുടെ അറ്റകുറ്റപണികളും മുടങ്ങിയിട്ടുണ്ട്. തൊഴിലാളികള്‍ എത്താതെ ജോലികള്‍ പുനരാരംഭിക്കാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് കരാറുകാര്‍.

മൂന്നുമാസം മുമ്പാണ് ഈ മുന്നറിയിപ്പ് ബോര്‍ഡ് പയ്യന്നൂര്‍ നഗരത്തില്‍ നിന്ന് വെള്ളൂരിലേയ്ക്കുള്ള പാതയില്‍ സ്ഥാപിച്ചത്. ലോക്ഡൗണ്‍ ആരംഭിക്കും വരെ ബോര്‍ഡിലെ വാചകങ്ങള്‍ പോലെ തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്തിരുന്നു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജോലികള്‍ മുടങ്ങി. പിന്നീട് ഇതുവരെ ജോലി പുനരാരംഭിക്കാന്‍ സാധിച്ചിട്ടില്ല. അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേയ്ക്ക് മടങ്ങിയതോടെയാണ് ജോലി നിര്‍ത്തി വയ്ക്കേണ്ടി വന്നത്. 

പയ്യന്നൂര്‍ നഗരത്തിലെ പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന പാതയിലെ ഓവുചാലിന്റെ നിര്‍മാണ ജോലികള്‍ മുടങ്ങിയത് യാത്രക്കാരെ വലച്ചിട്ടുണ്ട്. വാര്‍ത്തിട്ട സ്ലാബുകളും, മരക്കഷണങ്ങളിലെ ആണിയും കാല്‍ നടയാത്രക്കാര്‍ക്ക് ഭീഷണിയാകുന്നുണ്ട്. ഇതുമാത്രമല്ല ഓവുചാലുകളുടെ ശുചീകരണവും, വിവിധ പാതകളുടെ അറ്റകുറ്റപണികളും അതിഥി തൊഴിലാളികള്‍ മടങ്ങിയതോടെ മുടങ്ങി.

തദ്ദേശിയരായ തൊഴിലാളികളെ കിട്ടുമൊയെന്നാണ് നഗരസഭയുടെ അന്വേഷണം. മഴ ശക്തിയായതോടെ ജോലികള്‍ ഉടന്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് പൊതുമരമാത്ത് വകുപ്പ്.