മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി കോഴിക്കോട് മോക്ഡ്രിൽ

മഴ ശക്തിയാര്‍ജിക്കുന്ന ഘട്ടത്തില്‍ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത പരിശോധിക്കാനായി കോഴിക്കോട് ജില്ലാഭരണകൂടത്തിന്‍റെ മോക്ഡ്രില്‍. മഴക്കാല മുന്നൊരുക്കത്തിന്‍റെ ഭാഗമായാണ് നടപടി. 

അഗ്നിശമന സേനയാണ് ആദ്യം ഓടിയെത്തിയത്. പിന്നാലെ ആംബുലന്‍സുകളും. തടമ്പാട്ടുതാഴത്തെ സ്വകാര്യ ഫ്ലാറ്റ് സമുച്ചയം വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുവെന്നാണ് ലഭിച്ച സന്ദേശം. രണ്ട് പേര്‍ കുടുങ്ങി കിടക്കുകയാണ്. അവരെ രക്ഷപ്പെടുത്തണം. എന്തിനും തയ്യാറായി പൊലിസും ഒപ്പം. 

മിനിറ്റുകള്‍ക്കുള്ളില്‍ കുടുങ്ങി കിടന്ന ആളുകള്‍ താഴേയ്ക്ക്. കുട്ടയില്‍ ഇരുത്തി കയറില്‍ കെട്ടിയാണ് ്അവരെ താഴേയ്ക്കിറങ്ങിയതും രക്ഷിച്ചതും. മോക്ഡ്രില്‍ കണ്ട് ഞെട്ടിയ ബസ് യാത്രക്കാര്‍ ആദ്യമൊന്ന് അമ്പരന്നു. കാര്യമറിഞ്ഞപ്പോള്‍ ആശ്വാസം. പൊലിസിനും ഫയര്‍ഫോഴ്സിനും പുറമേ കെ.എസ്. ഇ. ബി, പൊതുമരാമത്ത്, ആരോഗ്യം എന്നീ വകുപ്പുകളും മോക്ഡ്രില്ലില്‍ പങ്കെടുത്തു.