കടലുണ്ടിപ്പുഴയുടെ സംരക്ഷണഭിത്തി നിര്‍മാണം നിലച്ചു

മലപ്പുറം കാളമ്പാടിയില്‍ കടലുണ്ടിപ്പുഴയോരത്തെ സംരക്ഷണഭിത്തി നിര്‍മാണം ലോക്ഡൗണിനു പിന്നാലെ നിലച്ചതോടെ പ്രതിസന്ധിയിലാണ് നാട്ടുകാരും കരാറുകാരനും. കാലവര്‍ഷം ശക്തമാവുന്നതോടെ പുഴയോരത്തെ തിട്ട ഇടിഞ്ഞു താഴ്ന്ന് സമീപത്തെ വീടുകള്‍ തകരുമെന്നാണ് ആശങ്ക.

കഴിഞ്ഞ പ്രളയകാലത്ത് കടലുണ്ടി പുഴയില്‍ നിന്ന് ജലമുയര്‍ന്ന് തകര്‍ച്ച ഭീഷണി നേരിടുന്ന കാളമ്പാടി ശാന്തിനഗറിലെ വീടുകള്‍ക്ക് സുരക്ഷ ഒരുക്കാനാണ് ഭിത്തി നിര്‍മിക്കുന്നത്. പുഴയില്‍ നിന്ന് മുപ്പത് അടിയോളം ഉയരത്തിലാണ് സമീപത്തെ വീടുകള്‍. കഴിഞ്ഞ പ്രളയത്തില്‍ വെളളം മൂടിയ പുഴയോരത്തെ ഒരു വീട് തറ സഹിതം ചരിഞ്ഞ നിലയിലാണ്. പുഴയില്‍ വെളളം ഉയര്‍ന്നാല്‍ കുത്തനെയുളള മണ്‍തിട്ട സഹിതം വീടുകള്‍ ഇടിഞ്ഞു താഴും.

ഇടിച്ചില്‍ ഭീഷണിയുളള ഭാഗത്ത് 100 മീറ്റര്‍ നീളത്തിലും അഞ്ചു മീറ്റര്‍ ഉയരത്തിലുമാണ് സംരക്ഷണഭിത്തി നിര്‍മിക്കുന്നത്. സാമഗ്രികളെല്ലാം എത്തിച്ച് നിര്‍മാണം ആരംഭിച്ചതിനു പിന്നാലെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് നിര്‍ത്തി വക്കേണ്ടി വന്നത്. ജില്ല ഭരണകൂടം പ്രത്യേക അനുമതി നല്‍കിയാല്‍ മാത്രമേ നിര്‍മാണം പുനരാരംഭിക്കാനാവു.