റഗുലേറ്റര്‍ നിര്‍മിച്ചു വെള്ളം സംഭരിച്ചു; നേരം പുലർന്നപ്പോൾ ഒരു തുള്ളി വെള്ളമില്ല; പരാതി

മലപ്പുറം കാളികാവ് പുഴയില്‍  പുതിയ റഗുലേറ്റര്‍ നിര്‍മിച്ചു സംഭരിച്ച വെളളം ഒറ്റ രാത്രികൊണ്ട് അപ്രത്യക്ഷമായി. ചോര്‍ച്ച പ്രദേശത്തെ ജലവിതാനത്തേയും കാര്‍ഷിക മേഖലയേയും ബാധിക്കും. സാമൂഹ്യവിരുദ്ധരാണ് വെളളം ചോര്‍ത്തലിന് പിന്നിലെന്ന് സംശയമുണ്ട്.

നേരം പുലർന്നപ്പോൾ ജലസമൃദ്ധമായിരുന്ന തടയണയില്‍ ഒരു തുളളി വെളളമില്ല. കൊടുംവേനലിൽ വരൾച്ചയെ പ്രതിരോധിക്കുന്നതിനും പ്രദേശത്തെ കാർഷിക സമൃദ്ധമാക്കുന്നതിനും വേണ്ടിയാണ് ഒരു കോടി നാപ്പത് ലക്ഷം ചിലവിൽ റഗുലേറ്റര്‍ കംബ്രിഡ്ജ് നിര്‍മിച്ചത്. കഴിഞ്ഞ ജനുവരി 31 നാണ് പുഴയിൽ റെഗുലേറ്റർ കം ബ്രിഡ്ജ് നിര്‍മാണം പൂര്‍ത്തിയായത്.

വെള്ളം ചോർത്തിയതിന്റെ ലക്ഷണങ്ങള്‍ പരിസരത്ത് കാണുന്നുണ്ട്. വെള്ളം തടഞ്ഞു നിര്‍ത്താന്‍ സ്ഥാപിച്ച ചീർപ്പുകൾ ഇളകി മാറിയ നിലയിലാണ്.  തടയണയിലെ ചോര്‍ച്ച പ്രദേശത്തെ കിണറികളിലെ ജലവിതാനത്തേയും ബാധിക്കും. വെളളമൊഴുക്കി വിട്ട സാമൂഹ്യവിരുദ്ധര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് ഭരണസമിതി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.