എട്ടുകോടി ചിലവഴിച്ചിട്ടും കുടിവെള്ളമെത്തിയില്ല; ദുരിതക്കയത്തിൽ കാളികാവ്

മലപ്പുറം ജില്ലയിലെ മലയോര മേഖലയായ കാളികാവില്‍ എട്ടു കോടി രൂപ ചിലവഴിച്ചു നിര്‍മിച്ച മധുമല ശുദ്ധജലവിതരണ പദ്ധതികൊണ്ട് ഈ വേനല്‍ക്കാലത്തും പ്രയോജനമില്ല.  2006 ൽ കമ്മീഷൻ ചെയ്ത പദ്ധതിയില്‍ നിന്ന് അഞ്ഞൂറില്‍ താഴെ കുടുംബങ്ങള്‍ക്കാണ് കുടിവെളളം ലഭിക്കുന്നത്. 

കൊട്ടിഘോഷിച്ചാണ് പദ്ധതി ആരംഭിച്ചത്. ഖജനാവ് കാലിയായതല്ലാതെ ആവശ്യത്തിന് കുടിവെളളം വിതരണത്തിനെത്തുന്നില്ല. ചോക്കാട് പഞ്ചായത്തില്‍ ജലനിധിയുമായി സഹകരിച്ച് കോടികള്‍ ചിലവഴിച്ച് പൈപ്പുകളും ടാപ്പുകളും സ്ഥാപിച്ചെങ്കിലും വെളളം മാത്രമെത്തുന്നില്ല. 

16 ലക്ഷം ലീറ്റര്‍ സംഭരണ ശേഷിയുളള ടാങ്കില്‍ ഉപഭോഗത്തിനായി ആകെ ശേഖരിക്കുന്നത് രണ്ടു ലക്ഷം ലീറ്ററില്‍ താഴെ വെളളമാണ്. പൈപ്പുകള്‍ പതിവായി പൊട്ടുന്നത് കാളികാവ് പൂച്ചപ്പൊയില്‍ റോഡുകളുടെ തകര്‍ച്ചക്കും കാരണമാകുന്നുണ്ട്. ആദ്യമുപയോഗിച്ച നിലവാരം കുറഞ്ഞ പൈപ്പു മാറ്റുന്നതിനു മാത്രം അഞ്ചു കോടി രൂപയോളം ചിലവഴിച്ചിട്ടുണ്ട്. ഒാരോ വര്‍ഷവും അറ്റകുറ്റപ്പണികളുടെ പേരില്‍ ലക്ഷങ്ങള്‍ പാഴാക്കുന്നുണ്ട്. എന്നിട്ടും ഒരു പഞ്ചായത്തിലെ  വീടുകളിലെങ്കിലും കുടിവെളളമെത്തിക്കാന്‍ കഴിഞ്ഞില്ല.