തമിഴ്നാട്ടിലേക്ക് നൂറുബാരൽ ടാർ കടത്താൻ ശ്രമം; പിടികൂടി ജിഎസ്ടി വിഭാഗം; കേസെടുക്കാതെ പൊലീസ്

കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്ക് കടത്താന്‍ ശ്രമിച്ച നൂറു ബാരല്‍ ടാര്‍ ജിഎസ്ടി വിഭാഗം പാലക്കാട്ട് പിടികൂടി. യാതൊരു രേഖകളുമില്ലാതെ കോയമ്പത്തൂരിലേക്കായിരുന്നു ലോറിയില്‍ ടാര്‍ കടത്തല്‍. കരാറുകാരും ഇടനിലക്കാരും തമ്മിലുളള വലിയ തട്ടിപ്പായിട്ടും അന്വേഷണത്തിന് പൊലീസ് തയ്യാറായിട്ടില്ല.

കഴിഞ്ഞ വെള്ളിയാഴ്ച കഞ്ചിക്കോട് വൈസ് പാര്‍ക്കിന് സമീപത്തു നിന്ന് ജിഎസ്ടി വകുപ്പിന്റെ സ്്ക്വാഡ് പിടികൂടിയ ലോറിയാണിത്. ലോറിയില്‍ നിറയെ ടാര്‍ വീപ്പകള്‍. കേരളത്തില്‍ നിന്ന് നൂറ് ടാര്‍ ബാരലുകളാണ് തമിഴ്നാട്ടിലേക്ക് കടത്താന്‍ ശ്രമിച്ചത്. തമിഴ്നാട് റജിസ്ട്രേഷനുളള ലോറിയാണ്. ആര്‍ക്കുവേണ്ടിയാണ് ടാര്‍ കടത്തലെന്ന് വ്യക്തമല്ല. യാതൊരു േരഖകളും ഇല്ലെന്നാണ് ജിഎസ്ടി വകുപ്പ് പറയുന്നത്. 156 കിലോഗ്രാം ടാർ അടങ്ങുന്നതാണ് ഒരോ ബാരലും. വിപണിയിൽ എഴരലക്ഷം രൂപ വിലവരും. പത്തു ലക്ഷം രൂപ പിഴ ഇൗടാക്കി നോട്ടീസ് നല്‍കി. 

പൊതുമരാമത്ത് വിഭാഗം എക്സിക്യുട്ടീവ് എൻജിനിയർ സാക്ഷ്യപ്പെടുത്തിയ അപേക്ഷയില്‍ നിലവിൽ കൊച്ചി ബി.പി.സി.എല്ലിൽ നിന്ന് കരാറുകാർക്ക് നേരിട്ടാണ് ടാർ വിതരണം ചെയ്യുന്നത്. പ്രവൃത്തി പൂർത്തിയാക്കിയാല്‍ മിച്ചംവരുന്ന ടാറിന്റെ കണക്ക് ഉദ്യോഗ്സഥര്‍ രേഖപ്പെടുത്തണം. പക്ഷേ പലയിടത്തും സുതാര്യതയില്ല. സ്വകാര്യവ്യക്തികള്‍ക്കും പണമടച്ചാല്‍ ടാര്‍ കിട്ടുമെന്നതിനാല്‍ തട്ടിപ്പിന്റെ രീതി വ്യക്തമല്ല. ടാറിന്റെ മറിച്ചുവില്‍പ്പന തമിഴ്നാട്ടിലേക്ക് വ്യാപിച്ചിട്ട് കാലങ്ങളായെങ്കിലും പൊലീസ് അന്വേഷണമൊന്നും നടക്കുന്നതേയില്ല.