പ്രശസ്തരുടെ ശില്‍പങ്ങളൊരുക്കി പ്രദീപ്കുമാര്‍; കലാവിരുന്ന് ആസ്വദിക്കാന്‍ ആളൊഴുക്ക്

വ്യത്യസ്ഥ തരം ശില്‍പ്പങ്ങള്‍ നിര്‍മ്മിച്ച് ഉപജീവനം നടത്താനൊരുങ്ങുകയാണ് മലപ്പുറം മഞ്ചേരി നറുകര സ്വദേശി പ്രദീപ് കുമാര്‍. ചെറുപ്പം മുതലുള്ള അഭിരുചി ഉപജീവനമാക്കാന്‍ മുന്നിട്ടിറങ്ങിയ പ്രദീപിന് മികച്ച പിന്തുണയാണ് വീട്ടുകാരും നല്‍കുന്നത്. 

മഹാത്മാ ഗാന്ധി, ജവാഹര്‍ലാല്‍ നെഹ്റു, അബ്ദുല്‍ കലാം തുടങ്ങി രാജ്യത്തെ പ്രശസ്തരുടെ ശില്‍പ്പങ്ങള്‍ നിര്‍മിച്ച പ്രദീപ് കുമാറിന്റെ കലാവിരുന്ന് ആസ്വദിക്കാന്‍ വിദ്യാര്‍ഥികളടക്കം നിര‍വധി പേരാണ് ദിവസവും നറുകരയിലെ വീട്ടിലെത്തുന്നത്. കേരളത്തിലെ പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച അയ്യങ്കാളിയുടെയും, സംസ്ഥാനത്തെ ഏറ്റവും പ്രിയങ്കരനായ എഴുത്തുകാരന്‍ ബഷീറിന്റെയും പ്രതിമകള്‍ ശില്‍പ്പിയുടെ കഴിവിന്റെ നേര്‍ചിത്രങ്ങളാണ്. 

ടൗണിലെ ചെറിയ വാടക കടമുറിയിലിരുന്ന് വീടുകള്‍ക്ക് എസ്റ്റിമേറ്റ് തയാറാക്കി നല്‍കുന്ന ജോലിയാണ് പ്രദീപിന്. എന്നാല്‍ ആവശ്യക്കാരുണ്ടെങ്കില്‍ തന്റെ കഴിവ് ഉപജീവനമാക്കി മാറ്റാനും പ്രദീപ് തയാര്‍. ചെറുപ്പത്തില്‍ കളിമണ്ണുപയോഗിച്ച് നിര്‍മ്മിച്ച ഇ.എം.എസിന്റെയും വി.എസ്.അച്യുതാനന്ദന്റെയും പ്രതികള്‍ പ്രദീപ് ഇന്നും സൂക്ഷിക്കുന്നു. തന്റെ രണ്ട് മക്കള്‍ക്കും ശില്‍പ്പകല പഠിപ്പിക്കാനും പ്രദീപ് മുന്നിലുണ്ട്.