തരിശ് ഭൂമി കൃഷിയോഗ്യമാക്കി; കർഷകർ പ്രതിസന്ധിയിൽ

ഇരുപത്തിരണ്ട് വര്‍ഷം തരിശായി കിടന്നിരുന്ന ഭൂമി കൃഷിയോഗ്യമാക്കി വിത്തിറക്കിയ കര്‍ഷകര്‍ പ്രതിസന്ധിയില്‍. മലപ്പുറം ചങ്ങരംകുളം കോക്കൂരിലെ 200 ഏക്കറോളം വരുന്ന വയലുകളാണ് വെള്ളമില്ലാതെ നശിക്കുന്നത്. തോട് നവീകരണമില്ലാത്തതും കനാല്‍ വെള്ളം ബണ്ട് കെട്ടി തടഞ്ഞതിനാലുമാണ് നെല്‍ 

കതിരുകള്‍ കരിഞ്ഞുണങ്ങുന്നത്.ഗ്രാമം തരിശ് രഹിതമാക്കാന്‍ മുന്നിട്ടിറങ്ങിയ കര്‍ഷകരാണ് കൃഷിക്ക് വെള്ളമില്ലാത്തതിനാല്‍ ദുരിതമനുഭവിക്കുന്നത്. വയലിന്റെ മറു ഭാഗത്ത് വര്‍ഷങ്ങളായി 

കൃഷിയിറക്കുന്ന കര്‍ഷകര്‍ വെള്ളം വിട്ടുനല്‍കുന്നില്ലെന്നാണ് ആക്ഷേപം. കതിരുകള്‍ പലതും കരിഞ്ഞുണങ്ങി. വിണ്ടുകീറിയ പാടങ്ങള്‍ ഇപ്പോള്‍ ഈ കര്‍ഷകര്‍ക്ക് സങ്കടക്കാഴ്ചയാണ്. വെള്ളം ലഭിച്ചില്ലെങ്കില്‍ നഷ്ടം ഭീമമായിരിക്കും. 

വയലുകള്‍ക്കിടയിലൂടെ ഒഴുകുന്ന തോടിന്റെ ആഴം കൂട്ടണമെന്ന ആവശ്യവും ശക്തമാണ്. തരിശ് ഭൂമിയില്‍ കൃഷിയിറക്കാന്‍ സര്‍ക്കാര്‍ സഹായങ്ങള്‍ ലഭ്യമാകുന്ന കാലത്താണ് പുതിയ കര്‍ഷകരോടുള്ള അവഗണന.