3 വർഷംമുമ്പ് ആരംഭിച്ചു; ഇപ്പോഴും പാതിവഴിയിൽ കക്കോണിക്കടവ് ഇറിഗേഷൻ പദ്ധതി

വയനാട് കോട്ടത്തറ പഞ്ചായത്തിലെ വെണ്ണിയോട് കക്കോണിക്കടവ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി എങ്ങുമെത്തിയില്ല. കർഷകർക്കാവശ്യമായ വെള്ളം എത്തിക്കുന്നതിന് പുഴക്കലിടം പാലത്തിനുസമീപം മൂന്നുവർഷംമുമ്പ് നിർമിച്ച ജലവിതരണ പദ്ധതിയാണ് പാതിവഴിയിൽ കിടക്കുന്നത്.  500 ഏക്കര്‍ സ്ഥലത്തെ ജലസേചനവും നാട്ടുകാരുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരവും ലക്ഷ്യമിട്ടായിരുന്നു പദ്ധതി. 

പടിഞ്ഞാറത്തറ, കോട്ടത്തറ പഞ്ചായത്തുകളിലെ വിവിധ കൃഷിയിടങ്ങളിലേക്ക് ജലവിതരണത്തിനാണ് പദ്ധതി. പുഴക്കലിടം, കുറുമണി, ചെമ്പകച്ചാൽ എന്നീ മൂന്ന് പാടശേഖരസമിതികളുടെ കീഴിൽവരുന്ന 500 ഏക്കറോളം നെൽവയൽ ഇരിപ്പൂകൃഷിക്ക്‌ യോഗ്യമാക്കാവുന്ന പദ്ധതിയാണിത്.

കുടിവെള്ള ക്ഷാമത്തിനും പരിഹാരമാകും . കെട്ടിടത്തിന്റെയും അനുബന്ധ ഉപകരണങ്ങളുടെയും പ്രവൃത്തികൾ പൂർത്തിയായെങ്കിലും വൈദ്യുതി ലഭ്യമാകാത്തതാണ് പ്രധാന തടസ്സം. വർഷങ്ങൾ കഴിഞ്ഞിട്ടും പദ്ധതി യാഥാർഥ്യമാക്കാത്തത് നൂറുകണക്കിന് കർഷകരെയാണ് ദുരിതത്തിലാക്കുന്നത്.

നബാർഡിന്റെ സഹായത്തോടെയാണ് പമ്പ്ഹൗസ് സ്ഥാപിച്ചിട്ടുള്ളത്. മൂന്ന് മോട്ടോറുകളും പമ്പ് സെറ്റുകളും പൈപ്പ് ലൈനുകളും ഇതിനായി ഒരുക്കിയിട്ടുണ്ട്. ഒരു കിലോമീറ്റർ ദൂരെ വെള്ളം ശേഖരിക്കാൻ ടാങ്കും കുളവുമുണ്ട്. ഇറിഗേഷൻ, കെ.എസ്.ഇ.ബി., റവന്യൂ എന്നീ വകുപ്പുകൾ ചേർന്നാണ് പദ്ധതി യാഥാർഥ്യമാക്കേണ്ടത്. ഈ വേനല്‍ക്കാലമെങ്കിലും സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ.