കൽപ്പറ്റയിൽ നിന്നും പുൽപ്പള്ളിയിലേക്ക് എത്താൻ ചീക്കല്ലൂർ പാലം; ഭരണാനുമതി

വയനാട് കൽപ്പറ്റയിൽ നിന്നും പുൽപ്പള്ളിയിലേക്ക് എളുപ്പം എത്താൻ ഉപകരിക്കുന്ന ചീക്കല്ലൂർ പാലം യാഥാർഥ്യമാകുന്നു. പാലത്തിന്റെ അപ്രോച്ച് റോഡിന് 6.75 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. അപ്രോച്ച് റോഡില്ലാത്തതായിരുന്നു  വർഷങ്ങളായി പദ്ധതിക്ക് തടസമായത്.  

കണിയാമ്പറ്റ പഞ്ചായത്തിലെ കുടോത്തുമ്മൽ വേലിയമ്പം പാതയിലാണ് ചീക്കല്ലൂർ പാലം. പതിനഞ്ച് വര്‍ഷം മുന്‍പ് കോടികള്‍ മുടക്കി നിര്‍മാണം നടത്തിയ പാലം നാട്ടുകാർക്ക് ഉപകാരപ്പെട്ടിരുന്നില്ല. അപ്രോച്ച്‌റോഡ് യാഥാര്‍ത്യമായാല്‍ നടവയല്‍, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് പനമരവും  ബത്തേരിയും ചുറ്റാതെ പതിനെട്ട് കിലോമീറ്റര്‍ ദൂരം കൊണ്ട് ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയില്‍ എത്താന്‍ സാധിക്കും. അപ്രോച്ച് റോഡിന് 6.75 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. 1.100 കിലോമീറ്റർ ദൈർഘ്യത്തിലാണ് അപ്രോച്ച് റോഡ് നിർമിക്കുന്നത്. വേഗം പണി തീർക്കുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ. 

പൂർത്തിയായാൽ നടവയലിൽനിന്നും കണിയാമ്പറ്റയിലേക്കുള്ള ദൂരവും കുറയും.