ശബരിമല തീർഥാടകർക്കായുള്ള 'സുരക്ഷിത ഇടനാഴി' വിജയകരം; സംതൃപ്തിയോടെ മോട്ടോർ വാഹന വകുപ്പ്

ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ശബരിമല തീർഥാടകരുടെ വാഹനങ്ങൾ സുരക്ഷിതമായി ജില്ല കടത്തിവിടുക എന്ന ലക്ഷ്യം വെച്ച് തുടങ്ങിയ സുരക്ഷിത ഇടനാഴി പദ്ധതി വിജയകരമായ സംതൃപ്തിയിലാണ് മലപ്പുറം ജില്ലയിലെ മോട്ടോർ വാഹന വകുപ്പ്. ദേശീയപാതയിൽ രാമനാട്ടുകര മുതൽ  ചങ്ങരംകുളം വരെ മൂന്ന് ഭാഗങ്ങളായി തിരിച്ച മേഖലയിൽ 24 മണിക്കൂറും പ്രവർത്തിച്ചാണ് അയ്യപ്പഭക്തർക്ക് സുഗമമായ യാത്രയൊരുക്കാൻ ഉദ്യോഗസ്ഥർക്ക് സാധിച്ചത്. 

24 മണിക്കൂറും നിരത്തിൽ മോട്ടോർ വാഹന വകുപ്പ്  ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉണ്ടായിരുന്നതിനാൽ അപകടങ്ങൾ കുറയ്ക്കാനായിട്ടുണ്ട്.ഒരു അപകടമരണം പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. മണ്ഡലകാലത്ത് പതിവിനു വിപരീതമായി  തീർഥാടകരുടെ വാഹനങ്ങൾ വർധിച്ചതോടെ പ്രധാന അപകട മേഖലകൾ കേന്ദ്രീകരിച്ച് വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ രാത്രി ചുക്ക് കാപ്പിയും കട്ടൻചായയും വിതരണം ചെയ്ത് ബോധവൽക്കരണം നടത്തിയതതിനാൽ അപകടങ്ങൾ പൂർണമായും ഒഴുവാക്കാൻ സാധിച്ചു. 

ജില്ലയിൽ ആദ്യമായാണ് ശബരിമല തീർത്ഥാടകർക്ക് മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ഇത്തരമൊരു സൗകര്യം ഒരുക്കുന്നത്. കോട്ടക്കലിൽ കൺട്രോൾറൂമും കുറ്റിപ്പുറം മിനി പമ്പയിൽ  ഹെൽപ്പ് ഡെസ്കും സ്ഥാപിച്ചിരുന്നു. അപകടങ്ങൾ ഉണ്ടായാലുടൻ രക്ഷാപ്രവർത്തനം നടത്തേണ്ട സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു. ഗതാഗതക്കുരുക്കുള്ള സ്ഥലങ്ങളിൽനിന്നും തീർത്ഥാടകരുടെ വാഹനം കടത്തിവിടുന്നതിനായും ഉദ്യോഗസ്ഥർ രംഗത്തുണ്ടായിരുന്നു.