ധനരാജന് സഹായവുമായി നാട്ടുകാർ; സമാഹരിച്ച പതിനെട്ടര ലക്ഷം കൈമാറുമെന്ന് ഷാഫി പറമ്പിൽ

പാലക്കാട്ട് ഗാലറി തകര്‍ന്നതിനാല്‍ ഫുട്ബോള്‍ മല്‍സരം ഉപേക്ഷിക്കേണ്ടിവന്നെങ്കിലും അന്തരിച്ച ഫുട്ബോള്‍ താരം ധനരാജന്റെ കുടുംബത്തെ സഹായിക്കാന്‍ നാടിന്റെ കൈത്താങ്ങ്. പതിനെട്ടര ലക്ഷം രൂപ കുടുംബത്തിന് ഉടന്‍ കൈമാറുമെന്ന് ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ അറിയിച്ചു. ഗാലറിയുടെ നിര്‍മാണത്തില്‍ പിഴവുണ്ടായെന്നും പരുക്കേറ്റവരുടെ ചികില്‍സാ ചെലവ് ഏറ്റെടുത്തതായും ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു.  

ഡിസംബര്‍ 29 ന് പെരിന്തല്‍മണ്ണയില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെയാണ് പാലക്കാട്ടുകാരനായ ധനരാജന്‍ കുഴഞ്ഞുവീണ് മരിച്ചത്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുളളതും പിഞ്ചുകുഞ്ഞുമുളള കുടുംബത്തെ സഹായിക്കാനാണ് കഴിഞ്ഞദിവസം നൂറണി മൈതാനത്ത് പ്രമുഖ താരങ്ങളെ ഉള്‍പ്പെടുത്തി ഫുട്ബോള്‍ മല്‍സരം ക്രമീകരിച്ചത്. 

മല്‍സരം തുടങ്ങും മുന്‍പേ ഗാലറി തകര്‍ന്നു. അന്‍പതിലധികം പേര്‍ക്ക് പരുക്കേറ്റു. ഇതോടെ മല്‍സരം ഉപേക്ഷിച്ചെങ്കിലും ധനരാജന്റെ കുടുംബത്തിനുളള സാമ്പത്തിക സഹായത്തിന് നാടൊന്നാകെയുണ്ടായിരുന്നു. വിവിധ ക്ളബുകളും സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും നല്‍കിയതും ടിക്കറ്റ് വരുമാനവും ഉള്‍പ്പെെട പതിനെട്ടര ലക്ഷം രൂപ ലഭിച്ചതായി ഷാഫി പറമ്പില്‍ എംഎല്‍എ അറിയിച്ചു. അതേസമയം ഗാലറിയുടെ നിര്‍മാണത്തില്‍ കരാറുകാരന് പിഴവുപറ്റിയെന്നും ഇതിന്റെ പേരില്‍ രാഷ്ട്രീയമായി തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവരോട് ഒന്നുംപറയാനില്ലെന്നും എംഎല്‍എ പറഞ്ഞു.  

പൊലീസിന്റെ നിയമനടപടികളോട് സഹകരിക്കുമെന്നും പരുക്കേറ്റവരുടെ ചികില്‍സാ ചെലവ് പൂര്‍ണമായും വഹിക്കുമെന്നും എംഎല്‍എ വ്യക്തമാക്കി.