ഒറ്റപ്പാലത്തെ റോഡ് കയ്യേറ്റം ഒഴിപ്പിക്കല്‍; നടപടികള്‍ തുടങ്ങി

പാലക്കാട് ഒറ്റപ്പാലത്ത് വാണിയംകുളം മുതല്‍ കോതകുറുശി വരെയുളള റോഡിലെ കയ്യേറ്റം ഒഴിപ്പിക്കൽ തുടങ്ങി. ഇരുപതു കോടി രൂപ ചെലവഴിച്ച് റോഡ് നിർമാണം തുടങ്ങുന്നതിന്റെ ഭാഗമായാണ് ഒഴിപ്പിക്കല്‍ നടപടികള്‍. 

റവന്യൂ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് കയ്യേറ്റം ഒഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുന്നത്. ഇതിനോടകം ഇരുന്നൂറോളം കയ്യേറ്റങ്ങൾ ഒഴിപ്പിച്ചു കഴിഞ്ഞു. വീടുകളുടെ മതിലുകൾ , വ്യാപാര സ്ഥാപനങ്ങൾക്കു മുന്നിൽ പാതയോരത്തേക്ക് ഇറക്കി നിർമിച്ച ഷെഡുകൾ, തട്ടുകടകൾ എന്നിവയാണു പൊളിച്ചുനീക്കിയത്. ഇനി ഒന്നര കിലോമീറ്റർ ദൂരത്തുകൂടി കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനുണ്ട്. അതേസമയം, റോഡ് വികസനത്തിന് അത്യാവശ്യമല്ലാത്ത നിർമാണങ്ങൾ പൊളിച്ചു നീക്കുന്നതിനെതിരെ പരാതിയുമായി ഒരു വിഭാഗം രംഗത്തെത്തി.

ആകെ 290 ഇടങ്ങളിലാണു കയ്യേറ്റങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ഇതിൽ 35 വീടുകൾ ഭാഗികമായി പൊളിക്കേണ്ടിവരും. കുടുംബങ്ങൾ സബ്കലക്ടറെയും ഹൈക്കോടതിയെയും സമീപിച്ചിരിക്കെ വീടുകൾ തൽക്കാലം പൊളിക്കില്ല. ഇരുപതു കോടി രൂപ ചെലവഴിച്ച് റോഡ് നിര്‍മാണം പൂര്‍ത്തിയാകണമെങ്കില്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണം.