നിയുക്ത സഹായമെത്രാന് സ്വീകരണം നല്‍കി പാലക്കാട് രൂപത

ദൈവനിയോഗത്തിനു നന്ദി പറഞ്ഞ് പാലക്കാട് രൂപതയുടെ നിയുക്ത സഹായ മെത്രാൻ പീറ്റർ കൊച്ചുപുരയ്ക്കൽ. മെത്രാൻ പദവി ലഭിച്ചശേഷം പാലക്കാട്ടെത്തിയ ബിഷപ്പിനെ വിശ്വാസികളും പുരോഹിതരും സന്യസ്‍തരും ചേർന്ന് സ്വീകരിച്ചു. രൂപതയുടെ 45 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണു സഹായ മെത്രാൻ പദവി ലഭിക്കുന്നത്

ചക്കാന്തറ സെന്റ് റാഫേൽസ് കത്തീഡ്രലില്‍ നിയുക്ത സഹായ മെത്രാൻ പീറ്റർ കൊച്ചുപുരയ്ക്കലിന് ഉൗഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. വിശ്വാസികളും പുരോഹിതരും സന്യസ്‍തരും സാന്നിധ്യമായി. ബിഷപ് മാർ ജേക്കബ് മനത്തോടത്തിനൊപ്പം രൂപതയുടെ പ്രഥമ ബിഷപ് മാർ ജോസഫ് ഇരിമ്പന്റെ കബറിടത്തിൽ പ്രാർഥന നടത്തി. തുടര്‍ന്ന് നന്ദിപ്രാര്‍ഥന. പാലക്കാട് രൂപതയുടെ വികാരി ജനറൽ പദവിയിലിരിക്കുമ്പോഴാണു പീറ്റർ കൊച്ചുപുരയ്ക്കല്‍ സഹായ മെത്രാനായി തിരഞ്ഞെടുക്കപ്പെടുന്നത്. കോട്ടയം മരങ്ങോലി സ്വദേശിയാണെങ്കിലും സഭാ സേവനം മുഴുവൻ പാലക്കാടായിരുന്നു. ആലുവ പൊന്തിഫിക്കൽ സെമിനാരിയിൽ നിന്ന് വൈദിക പരിശീലനം പൂർത്തിയാക്കിയ ശേഷം മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവിൽ നിന്നാണ് വൈദിക പട്ടം സ്വീകരിച്ചത്. റോമിലെ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സഭാ നിയമത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. എല്ലാ ദൈവനിയോഗമാണെന്ന് നിയുക്ത സഹായ മെത്രാൻ പീറ്റർ കൊച്ചുപുരയ്ക്കൽ മനോരമ ന്യൂസിനോട് പറഞ്ഞു.

     മെത്രാഭിഷേകം പിന്നീട് നടക്കും. 1974 ല്‍ സ്ഥാപിതമായ പാലക്കാട് രൂപതയുടെ ആദ്യ സഹായ മെത്രാനാണ് പീറ്റർ കൊച്ചുപുരയ്ക്കൽ.