കാട്ടാനഭീതിയിൽ മുണ്ടക്കടവ് കോളനി; പുനരധിവാസം വേഗത്തിലാക്കണമെന്ന് ആവശ്യം

കൊടുംവനത്തില്‍ പകല്‍പോലും കാട്ടാനകളെ പേടിച്ചുകഴിയുകയാണ് മലപ്പുറം മുണ്ടക്കടവിലെ 63 കുടുംബങ്ങള്‍. പ്രളയത്തില്‍ തകര്‍ന്നൊലിച്ചുപോയ ഭൂമിക്ക് പകരം സ്ഥലം അനുവദിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.  ശനിയാഴ്ച വയനാട്ടില്‍ നടക്കുന്ന ഉന്നതതല യോഗത്തിലാണ് ആദിവാസി കുടുംബങ്ങളുടെ പ്രതീക്ഷ. 

ഭര്‍ത്താവ് മരിച്ച ഏഴു മക്കളുടെ അമ്മയായ ശാന്തക്ക് കുട്ടികളെ തനിച്ചാക്കി ജോലിക്കു പോവാന്‍ മാര്‍ഗമില്ല. കോളനി തന്നെ ഒലിച്ചു പോയതോടെ കൊടുംവനത്തിനു നടുവില്‍ വലിച്ചു കെട്ടിയ ഷീറ്റിനു ചുവട്ടിലേക്ക് മാറിയതോടെ ജീവിതം സുരക്ഷിതമല്ലാതായി. കാട്ടാനകളടക്കമുളള മൃഗങ്ങളെ പ്രതിരോധിച്ചിരുന്ന കിടങ്ങിന്റേയും വൈദ്യുതി വേലിയുടേയും സംരക്ഷണവും ഇന്നില്ല. ഈ കുരുന്നുകളെല്ലാം ഒരോ ദിവസവും എങ്ങനെയൊക്കെയോ ജീവിച്ചു പോവുന്നു.

വന്‍ മരങ്ങള്‍ക്ക് ചുവട്ടിലാണ് താല്‍ക്കാലിക കുടിലുകള്‍. പലതരം അപകടങ്ങളെ ഭയന്നാണ് ഒാരോ നിമിഷവും ജീവിതം തളളി നീക്കുന്നത്. ആദിവാസികള്‍ക്ക് വനഭൂമി നല്‍കുന്ന കാര്യത്തില്‍ ഉന്നതവനം, റവന്യൂ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന യോഗത്തില്‍ അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കോളനിക്കാര്‍.